ടുബ്ലിന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരകത്തില്‍ കത്തിത്തീരുമെന്ന് ഐറിഷ് എം.പി തോമസ് ഗൗള്‍ഡ്. ഫലസ്തീന്‍ രാഷ്ട്രത്തെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു കൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫലസ്തീന്‍ വിരുദ്ധ നിലപാടുകളെ തോമസ് ഗൗള്‍ഡ് രൂക്ഷമായി വിമര്‍ശിച്ചത്.
‘ഇസ്രഈലിന്റെ വംശഹത്യാ നിലപാട് ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. രാജ്യം പിടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ അവര്‍ നിരവധി ആളുകളെ കൊല്ലുന്നു. ഇതൊരിക്കലും കണ്ടു നില്‍ക്കാന്‍ പറ്റിയ സംഗതിയല്ല. പാവങ്ങളും സാധാരണക്കാരുമായ മനുഷ്യരോടാണ് അവര്‍ യുദ്ധം ചെയ്യുന്നത്. ഇത് തികച്ചും സങ്കടകരമാണ്,’ തോമസ് ഗൗള്‍ഡ് പറഞ്ഞു.
റഫയില്‍ 45 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 249 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇസ്രഈലിന്റെ ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വൈകാരികമായായിരുന്നു തോമസ് ഗൗള്‍ഡ് സംസാരിച്ചത്.
‘ഇസ്രഈലി സര്‍ക്കാര്‍ ഫലസ്തീനിലെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊല്ലുമ്പോള്‍, ആളുകളുടെ നിലവിളികള്‍ കേള്‍ക്കുമ്പോള്‍, അവിടെ നിന്നും വരുന്ന ഫോട്ടോഗ്രാഫുകളും വീഡിയോകളും കാണുമ്പോള്‍ മനസ് പിടയുകയാണ്. ദിവസവും കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചു വീഴുന്നു. ലോകം ഇങ്ങനെ വെറുതെ നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ ഭയം തോന്നുകയാണ്,’ അദ്ദേഹം ഐറിഷ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഈ വംശഹത്യ തെറ്റാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്രഈല്‍ ചെയ്തു കൊണ്ടിരിക്കുന്ന ഈ ക്രൂരതകള്‍ മാപ്പര്‍ഹിക്കാത്തതാണെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നരകമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികള്‍ക്കും അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊക്കെ വേണ്ടി ചിന്തിക്കുമ്പോള്‍ അയാള്‍ അര്‍ഹിക്കുന്നത് നരകം തന്നെയാണെന്നും തോമസ് ഗൗള്‍ഡ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Irish MP: ‘I hope Benjamin Netanyahu burns in hell’