അയര്‍ലന്റ്: അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട ഇന്ത്യന്‍ യുവതി സവിത ഹാലപ്പനവറിനെ അധികമാരും മറന്ന് കാണില്ല.
സെപ്റ്റിസിമ്യ രോഗം മൂലം ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട സവിതയ്ക്ക് കത്തോലിക്ക രാഷ്ട്രമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അണുബാധ ശരീരം മുഴുവന്‍ ബാധിച്ചാണ് സവിത മരണപ്പെട്ടത്. []
ഈ ഓര്‍മ നിലനില്‍ക്കേയാണ് അയര്‍ലന്റിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന് കാണിച്ച് വോട്ട് രേഖപ്പെടുത്തിയത്. സവിതയുടെ മരണം വിവാദമായ പശ്ചാത്തലത്തില്‍ ഗര്‍ഭഛിദ്രം അനുവദിച്ച് കൊണ്ടുള്ള ഭേദഗതി അയര്‍ലന്റില്‍ കൊണ്ടുവന്നിരുന്നു.
ഇതിനെതിരെയാണ് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍(ഐ.എം.ഒ)യിലെ ഡോക്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭഛിദ്രം അനിവാര്യമാണെങ്കില്‍ ഗര്‍ഭഛിദ്രം ആവാമെന്നായിരുന്നു ഭേദഗതി. ബലാത്സംഗ കേസുകളിലും ഗര്‍ഭിഛിദ്രം അനുവദിക്കണമെന്നും ഭേദഗതിയില്‍ പറഞ്ഞിരുന്നു.
ഐ.എം.ഒയുടെ വാര്‍ഷിക യോഗത്തില്‍ നടന്ന വോട്ടിങ്ങിലാണ് പുതിയ ഭേദഗതി 32 നെതിരെ 42 വോട്ടുകള്‍ക്ക് എതിര്‍ക്കപ്പെട്ടത്. ചൂടേറിയ ചര്‍ച്ചയില്‍ ബലാത്സംഗ കേസിലെ ഗര്‍ഭഛിദ്രത്തിനെതിരെയും ഡോക്ടര്‍മാര്‍ നിലകൊണ്ടു.
കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിനിയായ സവിത ഹാലപ്പനാവരാണ് ആശുപത്രിയിലെ മൂന്നര ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്. കടുത്ത ഛര്‍ദ്ദിയും വിറയലും നടുവേദനയും മൂലം പ്രയാസപ്പെട്ടിരുന്ന ഡോക്ടര്‍ കൂടിയായ യുവതി ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്നും ഗര്‍ഭഛിദ്രം നടത്താന്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഒക്ടോബര്‍ 21ന് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത കടുത്ത ശാരീരികാസ്വാസ്ഥ്യത്തെയും നടുവേദനയെയും തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഒക്ടോര്‍ബര്‍ 25ഓട് കൂടി കടുത്ത വേദനയിലേക്കും 26ാം തിയതിയോട് കൂടി ഛര്‍ദ്ദിയും തുടങ്ങിയിരുന്നു.
തുടര്‍ന്നും ഗര്‍ഭം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സെപ്റ്റിസിമ്യയുടെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനം ഘട്ടം ഘട്ടമായി നിലക്കുകയായിരുന്നു.
ഒക്ടോബര്‍ 27ാം തിയതിയോട് കൂടി ഹൃദയത്തിന്റെയും കിഡ്‌നിയുടെയും കരളിന്റെയും പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാവുകയായിരുന്നു. ഒക്ടോബര്‍ 28ാം തിയതി അലസിപ്പോയ ഗര്‍ഭം നീക്കം ചെയ്തുവെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.
കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് സവിത മരിച്ചത് ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ അയര്‍ലന്റ് തീരുമാനിച്ചത്.