ബി.ജെ.പി പാകിസ്ഥാനെ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത
Kerala
ബി.ജെ.പി പാകിസ്ഥാനെ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th September 2023, 8:47 am

തൃശൂർ: പാകിസ്ഥാൻ സർക്കാർ അവിടുത്തെ ക്രൈസ്തവരോട് കാണിക്കുന്ന പരിഗണന ബി.ജെ.പി സർക്കാർ മാതൃകയാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത. ഇരിങ്ങലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ സെപ്റ്റംബർ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് പാകിസ്ഥാനെ ഇന്ത്യൻ സർക്കാർ മാതൃകയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മണിപ്പൂർ സന്ദർശിക്കാൻ ഇതുവരെ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെയും വിമർശിച്ചു.

ഖുർആനെ നിന്ദിച്ചു എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയിൽ 21 ക്രൈസ്തവ ദേവാലയങ്ങളും നൂറോളം വീടുകളും വർഗീയവാദികൾ തകർത്തിരുന്നു. പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രിയായ അൻവർ ഉൽ ഹഖ് കക്കർ അക്രമത്തെ തള്ളിപ്പറയുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും സന്ദർശന വേളയിൽ കക്കാർ പറഞ്ഞു. നൂറോളം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 2 മില്യൺ രൂപയുടെ ചെക്കും അദ്ദേഹം കൈമാറിയിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവരെ നീതിക്ക് മുമ്പിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

അതേസമയം, ജരൻവാലയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്രമകാരികൾ തകർത്ത വീടുകളും ദേവാലയങ്ങളും സർക്കാർ ചെലവിൽ നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജരൻവാലയിൽ നിന്ന് തിരിച്ചുപോയ കക്കാർ, ട്വീറ്റിലൂടെ ക്രൈസ്‌തവ സഭക്കുള്ള തന്റെ ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത രണ്ട് പേര് ഉൾപ്പെടെ സംഭവത്തിന് പിന്നിലുള്ള 130 പേരെ പിടികൂടിയിരുന്നു. പാക്-അധീന പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി തകർന്ന പള്ളികൾ നന്നാക്കുമെന്നും 94 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചു.

സമാനസംഭങ്ങളാണ് നാല് മാസമായി മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യൻ വിഭങ്ങളായ കൂകി വിഭാഗത്തിനെതിരെ മേയ്‌തേയ് വിഭാഗത്തിലുള്ളവർ അക്രം അഴിച്ചുവിടുകയായിരുന്നു. ബി.ജെ.പി പിന്തുണയോടെയാണ് മേയ്‌തേയ് കൂകികളെ ആക്രമിക്കുന്നത് എന്നാണ് ആരോപണം.

ഇതുവരെ സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. കലാപം ആരംഭിച്ച് രണ്ട് മാസത്തോളം മൗനം തുടർന്ന മോദി കൂകി സ്ത്രീകളെ നഗ്നരായി നടത്തിക്കുന്ന വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് ശേഷമാണ് സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായത്. എന്നാൽ പ്രധാനമന്ത്രി വളരെ വൈകിപ്പോയെന്ന് കുറ്റപ്പെടുത്തി ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു.

പോലീസിൽ നിന്നാണ് മേയ്‌തേയ് വിഭാഗത്തിന് ആയുധങ്ങൾ ലഭിച്ചതെന്നും എന്നാൽ പ്രതികൾക്ക് നേരെ സർക്കാർ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല എന്നും വിമർശനമുണ്ട്.
കലാപത്തിന്റെ പേരിൽ ആസൂത്രിതമായ വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് തലശ്ശേരി രൂപതാ ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഭൂരിപക്ഷത്തിന് ഉത്തരവാദിത്വമുണ്ടെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന അവിടുത്തെ ക്രൈസ്തവർക്ക് ആശ്വാസകരമായെന്നും ഇത് ബി.ജെ.പി മാതൃകയാക്കണമെന്നും ‘കേരളസഭ’യുടെ മുഖപത്രത്തിൽ പറയുന്നു.

Content Highlight: Diocese of Iringalakuda wants BJP to set Pakistan as an example