തൃശൂര്‍: കേരളത്തില്‍ ക്രൈസ്തവസമൂഹം സുരക്ഷിതരല്ലെന്ന് സിറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. തീവ്ര ഇസ്‌ലാമിക സംഘടനകളുമായി പലര്‍ക്കും കൂട്ടുകെട്ടാണെന്നും രൂപതയുടെ മുഖപത്രമായ കേരളസഭയുടെ ഏപ്രില്‍ ലക്കത്തില്‍ പറഞ്ഞു.
കൂടാതെ മുന്‍ മന്ത്രി കെ.ടി. ജലീലിനെയും പത്രത്തില്‍ വിമര്‍ശിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘കെ.ടി. ജലീല്‍ ക്രൈസ്തവവിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണ്. തലശ്ശേരി ആര്‍ച് ബിഷപ് മാര്‍ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ ജലീലിനെ അറസ്റ്റ് ചെയ്യണം. എല്‍.ഡി.എഫിലും യു.ഡി.എഫിലും നുഴഞ്ഞുകയറിയ ജലീലിനെ പോലുള്ള തീവ്ര ഇസ്‌ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരിവിടുന്ന സാഹചര്യമാണുള്ളത്,’ കേരളസഭയിലെ ലേഖനത്തില്‍ പറയുന്നു.
‘കേരളം, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കക്കുകളി, തീവ്ര ഇസ്‌ലാമിക കൂട്ടുകെട്ട്’ എന്ന തലക്കെട്ടിലുള്ള കവര്‍സ്റ്റോറിയിലാണ് രൂപത ജലീലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം അവരെ വഞ്ചിക്കുന്ന ഇടത്-വലത് മുന്നണികളുടെ നടപടികള്‍ക്കെതിരെയാണ് ബിഷപ് പാംപ്ലാനി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
റബറിന് 300 രൂപ നല്‍കുന്ന പാര്‍ട്ടി ഏതായാലും അവരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന ബിഷപിന്റെ പ്രസ്താവനയാണ് യു.ഡി.എഫ്-ഇടതുമുന്നണികളെ വിറളി പിടിപ്പിച്ചതെന്നും ഇതില്‍ പറയുന്നു.
‘തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോഴും നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം പുലര്‍ത്തിയ ജലീലിന്റെ വധഭീഷണി ശിക്ഷാര്‍ഹമാണ്. പിഴയും ഏഴുവര്‍ഷം വരെ തടവും കിട്ടാവുന്ന കുറ്റത്തിന് കേസെടുക്കണം.