മലബാറിനും കല്യാണിനുമെതിരെ പോസ്റ്ററുകള്‍; ഇറിഡിയവും റുഥേനിയവും കലര്‍ന്ന സ്വര്‍ണ്ണം വില്‍ക്കുന്നതായി ആരോപണം
Kerala
മലബാറിനും കല്യാണിനുമെതിരെ പോസ്റ്ററുകള്‍; ഇറിഡിയവും റുഥേനിയവും കലര്‍ന്ന സ്വര്‍ണ്ണം വില്‍ക്കുന്നതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd March 2012, 9:05 pm

കെ.എം.ഷഹീദ്

കോഴിക്കോട്: സംസ്ഥാനത്ത് പ്രമുഖ ജ്വല്ലറികളില്‍ നിന്ന് വില്‍പ്പന നടത്തുന്ന സ്വര്‍ണ്ണത്തില്‍ മാരക രോഗത്തിന് കാരണമാകുന്ന ഇറിഡിയവും റുഥേനിയവും കണ്ടെത്തിയിട്ടുണ്ടെന്ന ആരോപണവുമായി സ്വര്‍ണ്ണ വ്യാപാരികള്‍ തന്നെ രംഗത്ത്. ആള്‍ കേരള ഗോള്‍ഡ് ഏന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമിതമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തുന്ന ജ്വല്ലറികളെ ഇത്തരത്തില്‍ സംശയിക്കേണ്ടതുണ്ടെന്നും സ്വര്‍ണ്ണത്തിന് അന്താരാഷ്ട്ര തലത്തില്‍ ഏകീകൃത വിലയായിരിക്കെ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നത് സംശയാസ്പദമാണെന്നും അവര്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണത്തില്‍ അപകടകരമായ ലോഹങ്ങള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് തങ്ങള്‍ നടത്തിയ പരിശോധനയില്‍ തങ്ങള്‍ക്ക് ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും സംഘടനയുടെ ജില്ലാ സെക്രട്ടറി റാം മോഹന്‍ കമ്മത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സ്വര്‍ണ്ണ വ്യാപാരികള്‍ സ്വന്തം കടയ്ക്ക് മുന്നില്‍ നോട്ടീസുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ക്യാന്‍സര്‍ പോലുളള മാരക രോഗത്തിന് കാരണമായേക്കാവുന്ന ഇറിഡിയം, റുഥേനിയം എന്നിവ കലര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കുറഞ്ഞ പണിക്കൂലിയും വന്‍ ഓഫറും നല്‍കി വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിരിക്കുന്നുവെന്നും മാരക രോഗങ്ങള്‍ വിലയ്ക്കു വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഓള്‍ കേരള ഗോള്‍ഡ് ഏന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഈ നോട്ടീസ് പതിച്ചിരിക്കുന്നത്.

എന്നാല്‍ സംഘടനയുടെ പേരില്ലാത്ത മറ്റൊരു നോട്ടീസും ജ്വല്ലറികള്‍ക്ക് മുന്നില്‍ പതിച്ചിട്ടുണ്ട്. മലബാര്‍ ഡോള്‍ഡിന്റെയും കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും സ്വര്‍ണ്ണങ്ങള്‍ വിലയ്‌ക്കോ മാറ്റത്തിനോ എടുക്കുന്നതല്ലെന്നാണ് ഈ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

“ബി.ഐ.എസ് ഹോള്‍മാര്‍ക്കുള്ള സ്വര്‍ണ്ണത്തില്‍ ഇറിഡിയവും റുഥേനിയവും കണ്ടെത്തിയതിന് തങ്ങളുടെ കയ്യില്‍ തെളിവുണ്ട്. എന്നാല്‍ ഇത് ഏതൊക്കെ ജ്വല്ലറിയുടെതാണെന്ന് ഇപ്പോള്‍ പുറത്തുവിടുന്നില്ല. സാധാരണഗതിയില്‍ ഇറിഡിയവും റുഥേനിയവും കലര്‍ത്തിയ സ്വര്‍ണ്ണം തിരിച്ചറിയുക പ്രയാസമാണ്. വിശദമായ പരിശോധനയിലൂടെ മാത്രമേ അതിന് കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് ഇത് തിരിച്ചറിയാന്‍ പെട്ടെന്ന് കഴിയില്ല”- റാം മോഹന്‍ വ്യക്തമാക്കുന്നു.

“ബി.ഐ.എസ് ഹാള്‍മാര്‍ക്കിങ്ങിനായി ജ്വല്ലറികളില്‍ നിന്ന് സാമ്പിള്‍ സ്വര്‍ണ്ണം മാത്രമേ എടുക്കുന്നുള്ളൂ. മറ്റുള്ളവയില്‍ അപകടരമായ ഈ ലോഹങ്ങള്‍ ചേര്‍ക്കുന്നുണ്ടോയെന്ന് ഇതുവഴി കണ്ടെത്താന്‍ കഴിയുകയില്ല. പിന്നെ ഓരോ ജ്വല്ലറികളിലുമുള്ള വിശ്വാസ്യതയാലാണ് ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. എന്നാല്‍ സാധാരണ ഗതിയില്‍ നല്‍കാന്‍ പറ്റാത്ത വിധം ഓഫറുകള്‍ നല്‍കുമ്പോള്‍ അവിടെ സംശയമുയരേണ്ടിയിരിക്കുന്നു”- റാം മോഹന്‍ പറഞ്ഞു.

ബി.ഐ.എസ് നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ചില പ്രമുഖ ജ്വല്ലറികളില്‍ നിന്ന് ഇറിഡിയവും റുഥേനിയവും കലര്‍ന്ന സ്വര്‍ണ്ണം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി രംഗത്തെത്തിയത്. ” ഇക്കാര്യത്തില്‍ പൊതുവായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. മലബാര്‍ ജ്വല്ലേഴ്‌സിന്റെയും കല്ല്യാണിന്റെയും സ്വര്‍ണ്ണം വാങ്ങില്ലെന്ന നോട്ടീസ് പതിച്ചിരിക്കുന്നത് വ്യാപാരികള്‍ സ്വന്തം നിലയിലാണ്. അതില്‍ സംഘടനയ്ക്ക് ബന്ധമില്ല”- അദ്ദേഹം പറഞ്ഞു.

വന്‍കിട ജ്വല്ലറികള്‍‍ പരസ്യത്തില്‍ നല്‍കുന്ന ഉറപ്പ് ഉപഭോക്താവിന് നല്‍കാറില്ല. നല്‍കാത്ത വാഗ്ദാനം പരസ്യത്തില്‍ പറയരുതെന്ന് അസോസിയേഷന്‍ യോഗങ്ങളില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ പരസ്യം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വന്‍ ഓഫറുകള്‍ നല്‍കുന്ന ജ്വല്ലറികള്‍ക്കെതിരെ വ്യാപകമായ പരാതിയിലാണ് സംഘടയ്ക്ക് ലഭിക്കുന്നതെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് അത് പരിഹരിക്കാറുണ്ടെന്നും റാം മോഹന്‍ പറഞ്ഞു.