| Wednesday, 27th December 2023, 6:26 pm

'ഞങ്ങളുടെ പ്രതികാരത്തിനായി കരുതിയിരുന്നോളൂ'; സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തിൽ ഇസ്രഈലിന് ഇറാന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തിൽ തങ്ങൾ തിരിച്ചടിക്കുമെന്ന് ഇസ്രഈലിന് മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോപ്സ് (ഐ.ആർ.ജി.സി).

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിൽ വെച്ച് ഐ.ആർ.ജി.സി കമാൻഡർ സയ്യിദ് റാസി മൗസവി ഇസ്രഈലി ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.

കമാൻഡറുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ബ്രിഗേഡിയർ ജനറൽ റമെസാൻ ഷരീഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘തീർച്ചയായും, മൗസവിയുടെ രക്തസാക്ഷിത്വത്തോടെ ഇസ്രഈൽ ഭരണകൂടത്തിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ യാതൊരു തടസ്സവുമുണ്ടാകില്ല,’ റമെസാൻ ഷരീഫ് പറഞ്ഞു.

ഇസ്രഈൽ ഭരണകൂടം നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ തുടർച്ചയാണ് മൗസവിയുടെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്ന അധിനിവേശ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും റമെസാൻ ഷരീഫ് പറഞ്ഞു.

നയതന്ത്ര ആവശ്യത്തിനായി സിറിയയിലെത്തിയ മൗസവി ഡിസംബർ 25നാണ് ഇസ്രഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നാല് വർഷം മുമ്പ് ഇറാഖിൽ വെച്ച് അമേരിക്ക കൊലപ്പെടുത്തിയ, ഇറാന്റെ തീവ്രവാദ വിരുദ്ധ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ അനുയായി ആയിരുന്നു കൊല്ലപ്പെട്ട മൗസവി.

ജനറൽ സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിൽ നടത്തിയ ആക്രമണമെന്നും ഇത്തരം പ്രതികാര നടപടികൾ ഇനിയും തുടരുമെന്നും റമെസാൻ ഷരീഫ് പറഞ്ഞു.

Content Highlight: IRGC to Israel: Await our revenge for commander’s assassination

We use cookies to give you the best possible experience. Learn more