| Tuesday, 27th September 2022, 8:18 pm

ധോണി കാരണം ഇര്‍ഫാന്റെ കരിയര്‍ വഴിയാധരമാക്കിയതെന്ന് ആരാധകന്‍; ഹൃദയം കവരുന്ന മറുപടിയുമായി പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീം എന്നും ആഗ്രഹിച്ചിരുന്ന ലെഫ്റ്റ് ഹാന്‍ഡിഡ് പേസ് ബൗളിങ് ഓള്‍റൗണ്ടറായിരുന്നു പത്താന്‍.

ഇന്ത്യന്‍ ടീമിന്റെ എക്കലത്തെയും മികച്ച ലോകകപ്പ് വിജയമായ 2007 ട്വന്റി-20 ലോകകപ്പ് നേട്ടത്തിലും മറ്റ് അനേക വിജയത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഒരു കാലത്ത് ടീമില്‍ സൂപ്പര്‍താര പദവിയുണ്ടായിരുന്ന ആളായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് ഒരുപാട് ഗുണമുള്ള താരമായിരുന്നു അദ്ദേഹം. എന്നാല്‍ വെറും 29ാം വയസിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങിയത്. 2012ല്‍ ശ്രീലങ്കന്‍ പരമ്പരയിലായിരുന്നു ഇത്. പരമ്പരയിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റും മാന്‍ ഓഫ് ദി മാച്ചും പത്താനായിരുന്നു. എന്നിട്ടും വീണ്ടും അദ്ദേഹത്തെ തേടി അവസരം എത്തിയില്ലായിരുന്നു.

അദ്ദേഹത്തെ ടീമില്‍ പരിഗണിക്കാത്തതില്‍ ഇന്ത്യന്‍ ടീമിനും അന്നത്തെ നായകന്‍ ധോണിക്കും ഒരുപാട് വിമര്‍ശനങ്ങള്‍ ഇന്നും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ധോണി സി.എസ്.കെ ക്വാട്ടയിലാണ് ആളുകളെ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരെ മാത്രമെ ടീമില്‍ ഉള്‍പ്പെടുത്തുള്ളുവെന്നും ആരാധകര്‍ വാദിക്കാറുണ്ട്.

അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിച്ചത് ധോണിയാണെന്നും അയാള്‍ 29 വയസില്‍ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോള്‍ തനിക്ക് വിഷമം വരുമെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു.

‘ഈ ലീഗുകളില്‍ ഇര്‍ഫാന്‍ പത്താനെ കാണുമ്പോഴെല്ലാം ഞാന്‍ എം.എസിനെയും അവന്റെ മാനേജ്മെന്റിനെയും കൂടുതല്‍ ശപിക്കുന്നു… എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, വെറും 29 വയസ്സില്‍ അവന്‍ അവസാന വൈറ്റ് ബോള്‍ ഗെയിം കളിച്ചു… മികച്ച നമ്പര്‍ സെവന്‍ ബാറ്ററാണ് അദ്ദേഹം, അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ എല്ലാ ടീമും മരിക്കും. എന്നാല്‍ ഇന്ത്യ ജഡ്ഡുവിനെ(രവീന്ദ്ര ജഡേജ), ബിന്നി (സ്റ്റുവര്‍ട്ട് ബിന്നി) എന്നിവവരെ കളിപ്പിക്കാനുള്ള തിരക്കിലായിരുന്നു,’ ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആരാധകന്റെ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്നും എന്നാല്‍ ആരെയും കുറ്റാരോപിതനാക്കേണ്ട എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

ആരാധകരും ക്രിക്കറ്റ് ലോകവും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇന്ത്യന്‍ ടീമില്‍ 30 വയസ് കഴിഞ്ഞ താരങ്ങള്‍ക്ക് കൊടുക്കുന്ന ബാക്കപ്പ് കാണുമ്പോള്‍ അത്രയും ചെറിയ പ്രായത്തില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് നെറികേടാണെന്നാണ് ആരാധകര്‍ പറയുന്നത്.

നിലവില്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ കളിക്കുകയാണ് 37 വയസുകാരനായ പത്താന്‍.

Content Highlight: Irfan Pathans Heart Warming reply to a Fand Who blames Ms Dhoni for His removal from Indian Team

Latest Stories

We use cookies to give you the best possible experience. Learn more