| Sunday, 7th November 2021, 3:33 pm

നീ ജയിച്ചാല്‍ ഞാനും ജയിച്ചത് പോലെയല്ലേ; 'ബച്ചനേയും ധര്‍മേന്ദ്രയേയും കൂട്ടുപിടിച്ച്' ഇന്ത്യയുടെ സെമിസാധ്യതയെ ട്രോളി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ടി-20 സെമിഫൈനല്‍ പ്രവേശനസാധ്യതയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം ഇന്ത്യന്‍ ടീമിനെ ട്രോളുന്നത്.

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര എന്നിവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം ‘ഷോലേ’യിലെ ‘യേ ദോസ്തി ഹം നഹീ തോഡേംഗേ’ എന്ന പാട്ടിലെ ഒരു രംഗമാണ് പത്താന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യല്‍ ജേഴ്‌സി ധരിച്ച ബച്ചനും അഫ്ഗാന്‍ ജേഴ്‌സി ധരിച്ച ധര്‍മേന്ദ്രയുമാണ് ചിത്രത്തിലുള്ളത്.

‘തേരി ജീത് മേരീ ജീത്, തേരി ഹാര്‍ മേരി ഹാര്‍, സുന്‍ ആ മേരേ യാര്‍’ (നിന്റെ വിജയമാണ് എന്റെയും ജയം, നിന്റെ തോല്‍വി എന്റെതുമാണ്, കേള്‍ക്കൂ പ്രിയ തോഴാ) എന്നാണ് പോസ്റ്റില്‍ പറയുന്നത്. ‘പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ആവശ്യമില്ല’ എന്ന ക്യാപ്ഷനോടെയാണ് പത്താന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച നടക്കുന്ന അഫ്ഗാന്‍-ന്യൂസിലാന്റ് മത്സരത്തില്‍ അഫ്ഗാന്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ സെമി പ്രവേശനം സാധ്യമാവൂ. എന്നാല്‍ മികച്ച മാര്‍ജിനിലാണ് അഫ്ഗാന്‍ ജയിക്കുന്നതെങ്കില്‍ അഫ്ഗാനാവും സെമിയില്‍ പ്രവേശിക്കുക. ഈ സാഹചര്യത്തിലാണ് പത്താന്റെ പോസ്റ്റ്.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം ത്രിശങ്കുവിലായത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്റിനോട് 8 വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.

തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച മാര്‍ജിനിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെയും, സ്‌കോട്ട്‌ലാന്റിനെയും തോല്‍പ്പിച്ചത്. അഫ്ഗാന്‍ ന്യൂസിലാന്റിനെ തോല്‍പ്പിക്കുകയും ഇന്ത്യ-നമീബിയ മത്സരത്തില്‍ ഇന്ത്യ, നമീബിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് സെമി പ്രവേശനം സാധ്യമാകും.

എന്നാല്‍, അഫ്ഗാന്‍ പരാജയപ്പെടുകയാണെങ്കില്‍ ന്യൂസിലാന്റാവും സെമിയില്‍ പ്രവേശിക്കുക. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നും പാകിസ്ഥാന്‍ മാത്രമാണ് സെമിയില്‍ പ്രവേശിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Irfan Pathan trolls team India

We use cookies to give you the best possible experience. Learn more