2024 ടി-20 ലോകകപ്പില്‍ വിരാട് കോഹ്‌ലിയേയും രോഹിത് ശര്‍മയേയും ഉള്‍പ്പെടുത്തണം എന്നതിന്റെ പ്രധാന കാരണം എന്താണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
രോഹിതും കോഹ്‌ലിയും വളരെ പരിചയസമ്പത്തുള്ള താരങ്ങളായതിനാല്‍ ഇന്ത്യന്‍ ടീമിന് വലിയ പ്രയോജനമാവുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.
‘കോഹ്‌ലിയെ ടി-20യില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഐ.പി.എല്‍ സീസണിലും ടി-20 ടൂര്‍ണമെന്റുകളെല്ലാം വിരാട് മികച്ച പ്രകടനം നടത്തി. വെസ്റ്റിന്‍ഡീസ് യു.എസ്.എ പോലുള്ള പിച്ചുകള്‍ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കളിക്കേണ്ടിവരുമ്പോള്‍ വിരാടിനെയും രോഹിത്തിനെയും പോലുള്ള വിജയസമ്പന്നരായ താരങ്ങള്‍ ടീമില്‍ ഉള്ളത് പ്രയോജനം ചെയ്യും,’ ഇര്‍ഫാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
ടീമില്‍ താരങ്ങളെ എടുക്കുന്നതിന്റെ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റെയും കളിക്കാരുടെ ഫിറ്റ്‌നസിലുമാണെന്നും മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു.
‘രോഹിതും കോഹ്‌ലിയും കളിക്കുമോ എന്നത് അവരുടെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. രോഹിത്തിന്റെ മികച്ച ഫോമും കളിക്കളത്തില്‍ മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ കഴിയുന്നതുകൊണ്ടും ഇരുതാരങ്ങളെയും ഗ്രൗണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
2022 ടി-20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍ പുറത്തായതിനു ശേഷം കോഹ്‌ലിയും രോഹിതും ഇന്ത്യയ്ക്കായി ടി-20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇത് താരങ്ങളും ലോകകപ്പില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
അതേസമയം ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍, യു.എസ്. എ, കാനഡ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉള്ളത്.
Content Highlight: Irfan Pathan talks why India iclude Virat Kohli, Rohit Sharma ICC T20 World Cup.