വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ്ങില്‍ ഏതൊക്കെ താരങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലോകകപ്പ് കളിക്കേണ്ട കീപ്പര്‍മാരില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കി കൊണ്ടാണ് ഇര്‍ഫാന്‍ പത്താന്‍ സംസാരിച്ചത്.
സഞ്ജു സാംസണ്‍ തന്നോട് മത്സരിക്കുന്ന മറ്റു താരങ്ങളെക്കാള്‍ ഒരുപാട് പിന്നിലാണെന്നും ഈ ഐപിഎല്ലില്‍ ആദ്യം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും അത് നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ നിന്നും ഞാന്‍ സഞ്ജു സാംസണിനെ ഒഴിവാക്കും. അതിന് കാരണം എന്തെന്നാല്‍ അവന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു ടോപ്പ് ബാറ്ററായിട്ടാണ് കളിക്കുന്നത്. ഇത് ഇന്ത്യന്‍ ടീമില്‍ സാധ്യമാവില്ല. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി യശ്വസി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ് അതുകൊണ്ടുതന്നെ ഈ സ്ഥാനങ്ങളില്‍ സഞ്ജുവിനെ ഇറക്കാന്‍ ഒരിക്കലും സാധിക്കില്ല,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ജിതേഷ് ശര്‍മ, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍ എന്നീ താരങ്ങളെയാണ് ഇര്‍ഫാന്‍ പത്താന്‍ ലോകകപ്പ് കളിക്കേണ്ട ആദ്യ മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ ആയി തെരഞ്ഞെടുത്തത്.
‘ജിതേഷ് ശര്‍മ ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് കീപ്പിങ് നടത്തിയിട്ടുണ്ട്. എന്നാല്‍ പന്ത് ഇപ്പോള്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി. ഏത് സാഹചര്യത്തിലും ഒരു കളിയെ മാറ്റിമറിക്കാനുള്ള കഴിവുള്ള താരമാണ് പന്ത്. വളരെ കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പന്ത് മികച്ച ഫോമില്‍ കളിച്ചാല്‍ അവന്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകും.
രാഹുലും ലഖ്‌നൗവിനായി ഓപ്പണിങ് മികച്ച പ്രകടനമാണ് നടത്തുന്നത്. അവന് ഏതു സ്ഥാനത്ത് ഇറങ്ങിയും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. അതുകൊണ്ട് അവന്‍ ടി-20 ടീമില്‍ ഉണ്ടാകും,’ ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഐ.പി.എല്ലില്‍ ഈ സീസണില്‍ സഞ്ജു സാംസന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് മിന്നും പ്രകടനമാണ് നടത്തുന്നത്. തോല്‍വി അറിയാതെ മൂന്ന് മത്സരങ്ങളാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ ജയിച്ചു കയറിയത്. ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
Content Highlight: Irfan Pathan talks About Sanju Samson chances to Indian team for upcoming T2O World cup