അവന് വ്യത്യസ്തമായ കഴിവുള്ളതുകൊണ്ട് ഇന്ത്യൻ ടീം ഒരുപാട് അവസരം നൽകും: ഇർഫാൻ പത്താൻ
Cricket
അവന് വ്യത്യസ്തമായ കഴിവുള്ളതുകൊണ്ട് ഇന്ത്യൻ ടീം ഒരുപാട് അവസരം നൽകും: ഇർഫാൻ പത്താൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 11:24 am

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡക്ക് വ്ര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്.

രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെലക്ഷ്യം മറികടക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവതാരം റിയാന്‍ പരാഗ് മികച്ച പ്രകടനമായിരുന്നു നടത്തിയത്. ബാറ്റിങ്ങില്‍ ഏഴ് റണ്‍സ് നേടി മടങ്ങിയപ്പോള്‍ താരം ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തുകയായിരുന്നു. അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പരാഗ് വീഴ്ത്തിയത്.

ഇപ്പോഴിതാ പരാഗിന്റെ ഈ തകര്‍പ്പന്‍ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് രണ്ട് മേഖലയിലും (ബോള്‍, ബാറ്റ്) കഴിവുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്നും അതുകൊണ്ടുതന്നെ പരാഗിന് ഇത് കൂടുതല്‍ അനുകൂലമാകും എന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.

‘റിയാന്‍ പരാഗിനെ ബൗളിങ് ചെയ്യാനുള്ള കഴിവുണ്ടായതിനാല്‍ അവന് നിരവധി അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ കഴിയും. നിലവില്‍ ഇന്ത്യയിലുള്ള ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഇത്തരത്തില്‍ ബൗള്‍ ചെയ്യാനുള്ള കഴിവില്ല. ഇവിടെയാണ് പരാഗിന് കൂടുതല്‍ നേട്ടമുണ്ടാവുക,’ ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ കുറിച്ചു.

അതേസമയം മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയിരുന്നു. ശുഭ്മന്‍ ഗില്ലിന് പകരക്കാരനായാണ് സഞ്ജു കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരം നടത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയായിരുന്നു.

മതീഷ തീക്ഷണയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. ഈ മോശം പ്രകടനത്തെ തുടര്‍ന്ന് അവസാന മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുമൊ എന്നതും ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അവസാന മത്സരവും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ ആധിപത്യത്തോടെ പരമ്പരവിജയം അവസാനിപ്പിക്കാനായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് സ്വന്തം മണ്ണില്‍ ആശ്വാസജയം ലക്ഷ്യമിട്ടാവും ലങ്കന്‍ പട അണിനിരക്കുക.

 

Content Highlight: Irfan Pathan Talks About Riyan Parag