|

അവനെ ആ സമയങ്ങളിൽ ഏറ്റവും കൂടുതൽ വിമർശിച്ചത് ഞാനായിരുന്നു: ഇർഫാൻ പത്താൻ

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്യം മുഴുവന്‍ ഇപ്പോള്‍ രണ്ടാം ടി-20 കിരീടം നേടിയതിന്റെ ആഘോഷത്തിലാണ്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്.

ഇപ്പോഴിതാ ലോകകപ്പിലെ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഐ.പി.എല്‍ സമയത്ത് ഹര്‍ദിക്കിനെ വിമര്‍ശിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

‘ഹര്‍ദിക് പാണ്ഡ്യക്ക് ഇതൊരു പ്രത്യേകമായ യാത്രയാണ്. എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും അവന്‍ തിരിച്ചു വരുകയാണ്. ഐ.പി.എല്‍ സമയത്ത് ഹര്‍ദിക് മികച്ച പ്രകടനങ്ങള്‍ നടത്താത്തതിനാല്‍ അവനെ വിമര്‍ശിച്ചത് ഞാനായിരുന്നു. ആ സമയങ്ങളില്‍ അവന്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിരുന്നു. അവിടെനിന്നും തിരിച്ചു വന്നുകൊണ്ട് ലോകകപ്പ് നേടിയത് ഒരു പ്രത്യേകമായ കാര്യമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പവും ജസ്പ്രീത് ബുംറക്കൊപ്പവും അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ മാറ്റമാണ് ഉണ്ടാക്കിയത്,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയും അവസാന ഓവറില്‍ 16 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ഡേവിഡ് മില്ലറെയും പുറത്താക്കിയാണ് ഹര്‍ദിക് നിര്‍ണായകമായത്.

2024 ടി-20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.

ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഈ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

Content Highlight: Irfan Pathan Talks about Hardik Pandya