| Friday, 5th July 2024, 6:43 pm

അവന്‍ രോഹിത് ശര്‍മയെപ്പോലെയാണ്; ഇന്ത്യന്‍ ബാറ്റര്‍ക്ക് പ്രശംസയുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ബൗളിങ് യൂണിറ്റിന്റെയും ഫീല്‍ഡിങ് യൂണിറ്റിന്റെയും മിന്നും പ്രകടനത്തിലാണ് മത്സരം തിരിച്ച് പിടിച്ചത്.

ടൂര്‍ണമെന്റില്‍ ബാറ്ററായും കീപ്പറായും റിഷബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പില്‍ 13 ക്യാച്ചുകളും 1 സ്റ്റംപിങ്ങും അടക്കം 14 പുറത്താക്കലാണ് സ്വന്തമാക്കിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 24.42 എന്ന മികച്ച ശരാശരിയിലും 127.61 എന്ന സ്ട്രൈക്ക് റേറ്റിലും 171 റണ്‍സും പന്ത് നേടി. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘ ഒന്നാമനായി നേട്ടം കൈവരിക്കുന്നത് വലിയ കാര്യമാണ്. അവന്‍ ഒരു ലോകകപ്പില്‍ 14 പുറത്താക്കലുകളാണ് നടത്തിയത്. 10 പുറത്താക്കലുകളുടെ മുന്‍ റെക്കോഡ് അവന്‍ തിരുത്തി. പല ക്യാച്ചുകളും മികച്ചതായിരുന്നു. ഇത് അവന്റെ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു,’ പത്താന്‍ പറഞ്ഞു.

രോഹിത് ശര്‍മയെപ്പോലെയാണ് പന്ത് ബാറ്റ് ബാറ്റ് വീശുന്നതെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

‘ അവന്റെ ബാറ്റിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ചില സമയങ്ങളില്‍ അവന്‍ രോഹിത്തിനെപ്പോലെ അപകടകരമായ ഷോട്ടുകള്‍ കളിക്കും. അതിനെ ഞങ്ങള്‍ വിമര്‍ശിക്കാറുണ്ടെങ്കിലും ആ ആക്രമണ ശൈലി അവന്റെ കളിയാണ്.

മുമ്പ് ഞങ്ങള്‍ മറ്റ് ക്രിക്കറ്റ് താരങ്ങളെ പിന്തുണച്ചതുപോലെ, പന്തിനും പിന്തുണ നല്‍കും. രോഹിത് ശര്‍മയ്ക്കൊപ്പം, ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ഓര്‍ഡറിലേക്ക് നിര്‍ഭയവും എക്‌സ്-ഫാക്ടര്‍ ശൈലിയും പന്ത് കൊണ്ടുവന്നിട്ടുണ്ട്,’ പത്താന്‍ പറഞ്ഞു.

Content Highlight: Irfan Pathan Talking About Rishabh Pant
We use cookies to give you the best possible experience. Learn more