2024 ഐ.പി.എല്ലിലെ മികച്ച നായകന്‍ സഞ്ജുവും, പന്തും, ശ്രേയസുമല്ല; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍
Sports News
2024 ഐ.പി.എല്ലിലെ മികച്ച നായകന്‍ സഞ്ജുവും, പന്തും, ശ്രേയസുമല്ല; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 10:11 am

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 17ാം ഐ.പി.എല്‍ സീസണിലെ കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഐ.പി.എല്ലില്‍ 10 വര്‍ഷമെടുത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എല്‍ ട്രോഫി സ്വന്തമാക്കിയത്. 2012ലും 2014ലും ലീഗ് ജേതാക്കളായ ടീമിന് പലതവണ പ്ലേ ഓഫിലെത്തിയിട്ടും കപ്പുയര്‍ത്താനായില്ല.

ഇപ്പോള്‍ ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍റാന്‍ പത്താന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പതിനേഴാം സീസണിലെ മികച്ച ക്യാപ്റ്റന്‍ എന്നാണ് പത്താന്‍ പറഞ്ഞത്. 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ടീമില്‍ എത്തിച്ച താരത്തിന് ആദ്യ സീസണില്‍ തന്നെ ഹൈദരാബാദിനെ ഫൈനലിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. കമ്മിന്‍സ് മുന്നില്‍ നിന്ന് നയിക്കുകയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും പത്താന്‍ പറഞ്ഞു.

‘ചില മത്സരങ്ങളില്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു ടീമിലെ ഏറ്റവും മികച്ച ബൗളര്‍. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ യാതൊരു പേടിയുമില്ലാതെ താരത്തിന് പലപ്പോഴും ഇന്നിങ്‌സിന്റെ 19, 20 ഓവറുകള്‍ എറിയാന്‍ സാധിച്ചിട്ടുണ്ട്. എന്തായാലും ഹൈദരാബാദില്‍ എത്തിയതിന് ശേഷം അവന്‍ പുതിയ റോളുകള്‍ ആസ്വദിക്കുകയും ചെയ്തു.’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

‘സഹതാരങ്ങളെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ട് അവരെ പ്രചോദിപ്പിക്കുന്ന നായകനാണ് കമ്മിന്‍സ്. അങ്ങനെ ഒരു നായകനുള്ളപ്പോള്‍ താരങ്ങള്‍ നന്നായി കളിക്കും. യുവതാരങ്ങളെയൊക്കെ കമ്മിന്‍സ് വിശ്വസിക്കുകയും അവരെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്ത രീതിക്ക് കൈയടികള്‍ നല്‍കണം. കമ്മിന്‍സാണ് ഏറ്റവും മികച്ച നായകന്‍.’ പത്താന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.

ക്യാപ്റ്റന്‍സിക്ക് പുറമേ ബൗളിങ്ങിലും മിന്നും പ്രകടനമായിരുന്നു ഓസ്ട്രേലിയന്‍ താരം നടത്തിയത്. 16 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ ആണ് കമ്മിന്‍സ് വീഴ്ത്തിയത്.

 

Content Highlight: Irfan Pathan Talking About Pat Cummins