| Monday, 2nd January 2023, 12:15 pm

'ഹര്‍ദിക്കിനെ ദീര്‍ഘകാല നായകനാക്കുന്നതില്‍ പ്രശനങ്ങളുണ്ട്'; വിശദീകരണവുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ടി-20 ലോകകപ്പിലേക്കുള്ള 20 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ബി.സി.സി.ഐ. ലിസ്റ്റില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ ടീമില്‍ വലിയൊരു പൊളിച്ചെഴുത്തിനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നതെന്നാണ് സൂചന.

ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് ടീം ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഹര്‍ദിക്കിനെ ദീര്‍ഘകാല നായകനാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലാണെന്നും എന്നാല്‍ അദ്ദേഹത്തെ ദീര്‍ഘകാല നായകനാക്കുമ്പോള്‍ ഫിറ്റ്‌നെസില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

‘ഒരു കാര്യം ടീം ശ്രദ്ധിക്കേണ്ടതായുണ്ട്. ഹര്‍ദിക്കിനെ ദീര്‍ഘനാള്‍ ക്യാപ്റ്റനാക്കിയാല്‍ ഫിറ്റ്നെസില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുമ്പോള്‍ താരമെന്ന നിലയില്‍ ഹര്‍ദിക്കിനെയത് വളരെയധികം പ്രയാസപ്പെടുത്തും,’ ഇര്‍ഫാന്‍ വ്യക്തമാക്കി.

പരിക്കിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വലിയ ഇടവേളയെടുത്ത താരമാണ് ഹര്‍ദിക്. ഫിറ്റ്നെസ് പ്രശ്നത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഹര്‍ദിക് 2022ലെ ഐ.പി.എല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അതേസമയം, 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ഏകദിന നായകനായും ഹര്‍ദിക് പാണ്ഡ്യ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രോഹിത് ശര്‍മ ലോകകപ്പിന് ശേഷം വിരമിക്കാനുള്ള സാധ്യതകളേറെയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ അടുത്ത നായകനായി പരിഗണിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ഭാവി നായകനായി ഹര്‍ദിക്കിനെ പരിഗണിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ ഫിറ്റ്നെസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. താരങ്ങളുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ച്ക്കും ബി.സി.സി.ഐ ഇനി തയ്യാറാല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തേതിന് സമാനമായി താരങ്ങളുടെ ഫിറ്റ്നെസ് കര്‍ശനമാക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്.

അതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2023 ജനുവരി ഒന്ന് മുതല്‍ യോ-യോ ടെസ്റ്റ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനമാണ് ബി.സി.സി.ഐ പുറത്ത് വിട്ടിരിക്കുന്നത്.

യോ-യോ ടെസ്റ്റിന് പുറമെ ഡെക്‌സാ (എല്ലുകള്‍ സ്‌കാന്‍ ചെയ്യുന്ന ടെസ്റ്റ്) ടെസ്റ്റിലൂടെയുമാണ് ഇനി ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുക.

ടെസ്റ്റുകളില്‍ പരാജയപ്പെട്ടാല്‍ അവരെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയും വീണ്ടും ടെസ്റ്റ് വിജയിക്കാന്‍ അവസരം ഒരുക്കുകയുമാണ് നിലവില്‍ ബി.സി.സി.ഐയുടെ രീതി. 2023 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കോഹ്ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് യോ-യോ ടെസ്റ്റ് കര്‍ശനമായി നടപ്പിലാക്കിയിരുന്നത്. ആ സമയത്ത് ടെസ്റ്റില്‍ വിജയിക്കാനുള്ള സ്‌കോര്‍ 16.1ല്‍ നിന്നും 16.5 ആക്കി വര്‍ധിപ്പിച്ചിരുന്നു.

ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഐ.പി. എല്ലില്‍ ബിസിസിഐ ഇടപെടും. പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Irfan Pathan talking about Hardik Pandya’s fitness

We use cookies to give you the best possible experience. Learn more