ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് ഗെയ്ക്വാദ് 62 റണ്‍സ് നേടിയെങ്കിലും 129.16 സ്ട്രൈക്ക്‌റേറ്റിലാണ് ബാറ്റ് വീശാന്‍ സാധിച്ചത്. അജിന്‍ങ്ക്യ രഹാന 29 റണ്‍സെടുക്കാന്‍ 24 പന്തുകള്‍ നേരിട്ടു. ചെന്നൈ രക്ഷകന്‍ എം.എസ്. ധോണിക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 127.27 സ്ട്രൈക്ക് റേറ്റില്‍ 11 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
ഇതോടെ ബാറ്റര്‍മാരാണ് ചെന്നൈയെ പരാജയപ്പെടുത്തിയതെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വരുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
‘വലിയ സ്‌കോര്‍ ചെയ്യാനുള്ള അവസരം അജിങ്ക്യ രഹാന നഷ്ടപ്പെടുത്തി. സ്പിന്‍ ബൗളിങ്ങില്‍ അദ്ദേഹം മികച്ച കളിക്കാരനാണ്, പക്ഷേ ഹര്‍പ്രീത് ബ്രാര്‍ അവനെക്കാള്‍ മികച്ചുനിന്നു.
ക്യാപ്റ്റന്‍ ഋതുരാജ് 62 റണ്‍സ് നേടിയെങ്കിലും മെല്ലെയാണ് അവന്‍ കളിച്ചത്. സ്‌കോറിങ് നിരക്ക് ഉയര്‍ത്താന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു. ക്യാപ്റ്റന്റെ 129.16 സ്ട്രൈക്ക് റേറ്റ് ടീമിനെ തുണച്ചില്ല,
ധോണിക്ക് പന്ത് ടൈം ചെയ്യാന്‍ കഴിഞ്ഞില്ല. 11 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. പഞ്ചാബ് ബൗളര്‍മാര്‍ അദ്ദേഹത്തെ കെട്ടുകെട്ടിച്ചു,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
പഞ്ചാബിന് വേണ്ടി ജോണി ബെയര്‍സ്റ്റോ (46), റൈല്‍ റോസോ (43) എന്നിവര്‍ ചെയ്‌സിങ്ങില്‍ മികച്ച പ്രകടനം നടത്തി . 17.5 ഓവറില്‍ സാം കറനും (പുറത്താകാതെ 26) ശശാങ്ക് സിങ്ങും (പുറത്താകാതെ 25) ടീമിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാഹുല്‍ ചാഹറും രണ്ട് വിക്കറ്റ് നേടി.
Content Highlight: Irfan Pathan Talking About Chennai Super Kings Lost Against Panjab