നിപയുടെ സമയത്ത് ഞാന്‍ കോഴിക്കോട് ഉണ്ടായിരുന്നു; പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്; വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍
Malayalam Cinema
നിപയുടെ സമയത്ത് ഞാന്‍ കോഴിക്കോട് ഉണ്ടായിരുന്നു; പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്; വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2019, 12:05 pm

കോഴിക്കോട്: ആഷിഖ് അബു ചിത്രം വൈറസിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നിപ സമയത്ത് താന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം വൈറസ് ടീമിന് ആശംസകളും നേര്‍ന്നു.

ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്റെ ആശംസകള്‍. ‘നിപ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു. പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്. സ്വാര്‍ഥതയില്ലാത്ത പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് സിനിമാ ടീമിന് എല്ലാ ആശംസകളും”, പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും നേര്‍ക്കാഴ്ച്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രം ജൂണില്‍ തിയേറ്ററുകളില്‍ എത്തും.

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. നിപയാണ് സിനിമയുടെ പ്രമേയമെന്നും ഒരുപാട് സിനിമയ്ക്കുള്ള കഥ നിപയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ പരിച്ഛേദമാണ് വൈറസെന്നും ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.

മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ആഷിഖും റിമയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്.