ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നോക്കി ആശങ്കപ്പെടുന്നവര്‍ തങ്ങളുടെ ടീമിനെ ശ്രദ്ധിക്കുന്നതാണ് ബുദ്ധി: ഇര്‍ഫാന്‍ പത്താന്‍
icc world cup
ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നോക്കി ആശങ്കപ്പെടുന്നവര്‍ തങ്ങളുടെ ടീമിനെ ശ്രദ്ധിക്കുന്നതാണ് ബുദ്ധി: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 10:01 pm

2023 ലോകകപ്പില്‍ 25ാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും നാണംകെട്ട തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയാണ് നിലവിലെ ചാമ്പ്യന്‍മാരെ തൂത്തുവാരിയത്.

വമ്പന്‍ തോല്‍വിക്ക് പിറകെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ കണക്കിന് പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. മത്സരം നടന്നുകൊണ്ടിരിക്കെ വോണ്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളെക്കുറിച്ച് എക്സില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കമന്റേറ്ററായിരുന്ന പത്താന്‍ എക്സില്‍ തിരിച്ച് പരിഹസിക്കുകയായിരുന്നു.

‘ചിലര്‍ക്ക് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റിനെകുറിച്ചാണ് കൂടുതല്‍ ആശങ്ക. അവര്‍ അവരുടെ ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കുന്നതാണ് ബുദ്ധി,’പത്താന്‍ എക്സില്‍ എഴുതി.

2023 ലോകകപ്പിലുടനീളം ഇംഗ്ലണ്ട് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൗത്ത് ആഫ്രിക്കയോട് 229 റണ്‍സിനും അഫ്ഗാനിസ്ഥാനോട് 69 റണ്‍സിനും ഇംഗ്ലണ്ട് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ലങ്കയോടും എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്.

ലങ്കയെ നേരിടാന്‍ ഓപ്പണിങ് ഇറങ്ങിയ ജോണി ബേയര്‍‌സ്റ്റോ 30 (31) റണ്‍സും ഡേവിഡ് മലന്‍ 28 (25) റണ്‍സും എടുത്തെങ്കിലും മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

ശേഷം ബാറ്റിങ്ങിനിറങ്ങിയ ബെന്‍ സ്റ്റോക്‌സാണ് 73 പന്തില്‍ 43 റണ്‍സ് എടുത്ത് ഇംഗ്ലണ്ടിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. ഇംഗ്ലണ്ട് നിരയിലെ അഞ്ച് കളിക്കാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ലങ്കന്‍ ബൗളിങ് നിരയുടെ മികച്ച പ്രകടനം ചാമ്പ്യന്‍മാരെ വേരോടെ പിഴുതെറിയുകയായിരുന്നു.

ലങ്കക്ക് വേണ്ടി ലാഹിരു കുമാര ഏഴ് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസ് അഞ്ച് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 14 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. കാസുന്‍ രജിത ഏഴ് ഓവറില്‍ 36 റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റും നേടി. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് ലങ്കന്‍ ബൗളിങ് നിര കാഴ്ചവെച്ചത്.

 

ഈ ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനം കാഴചവെച്ച് ഒമ്പതാം സ്ഥാനത്താണ് ഇംഗ്ലണ്ട്. കളിച്ച മത്സരങ്ങളില്‍ അഞ്ചില്‍ ഒരു ജയം മാത്രമാണ് ത്രീ ലയണ്‍സ് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം കരുത്തരായ ഇന്ത്യയോടാണ്. കളിച്ച മത്സരങ്ങളില്‍ എല്ലാം വിജയിച്ച ഇന്ത്യ നിലവില്‍ അതി ശക്തരാണ്. എകാന സ്പോര്‍ടസ് സിറ്റിയില്‍ ഒക്ടോബര്‍ 29നാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.

 

Content highlight: Irfan Pathan slams Micheal Vaughn