| Saturday, 24th September 2022, 5:30 pm

ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമാണ്; നിലവിലെ ടീമിന് അതുപോലെ ഒരു വിജയം നേടാന്‍ സാധിക്കട്ടെ; ലോകകപ്പിലെ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

2007ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന്റെ 15 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ടീം ഇന്ത്യയും ആരാധകരും. ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ആദ്യ ടി-20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്തായിരുന്നു ഇന്ത്യ കിരീടം നേടിയത്.

ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വിജയിച്ചിരുന്നു. ഫൈനലിലും അത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഒട്ടും എളുപ്പമല്ലായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 158 റണ്‍സായിരുന്നു പാകിസ്ഥാന് മുമ്പില്‍ വെച്ച ടാര്‍ഗറ്റ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ തന്നെ പോരാടി. ഒടുവില്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ പാകിസ്ഥാന് 12 റണ്‍സ് വേണമായിരുന്നു.

ജോഗിന്ദര്‍ ശര്‍മയുടെ ആദ്യ പന്തില്‍ തന്നെ മിസ്ബാഹുല്‍ ഹഖ് സിക്‌സര്‍ നേടി ഇന്ത്യന്‍ ടീമിനെ മൊത്തത്തില്‍ പ്രഷറാക്കിയിരുന്നു. അടുത്ത പന്തും ബൗണ്ടറി നേടി കളിപിടിക്കാമെന്ന് കരുതി പിറകിലേക്ക് മിസ്ബ സ്‌കൂപ്പ് ചെയ്യുന്നു. എന്നാല്‍ മിസ്ബായുടെ കണക്കുകൂട്ടലുകള്‍ തെറ്റി ഷോര്‍ട്ട് ഫൈന്‍ലെഗില്‍ നിന്നും ശ്രീശാന്ത് ക്യാച്ചെടുക്കുകയായിരുന്നു.

അങ്ങനെ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുകയായിരുന്നു. ഇന്ത്യക്കായി ബാറ്റിങ്ങില്‍ ഗംഭീര്‍ 75 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 30 റണ്‍സുമായി ഫിനിഷ് ചെയ്തു. ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് സാധിച്ചിരുന്നു.

നാല് ഓവറില്‍ 16 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റാണ് അദ്ദേഹം മത്സരത്തില്‍ സ്വന്തമാക്കിയത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.

15 വര്‍ഷത്തിന് ശേഷം ആ ഓര്‍മ പങ്കുവെക്കുകയാണ്  പത്താന്‍. ഫൈനല്‍ മത്സരത്തെ കുറിച്ചും വിജയത്തെ കുറിച്ചും ആലോചിക്കുമ്പോള്‍ രോമാഞ്ചമാണെന്നാണ് അദ്ദേഹം പറയുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആശംസ നേരാനും അദ്ദേഹം മറന്നില്ല.

‘ഫൈനല്‍ മത്സരങ്ങളെക്കുറിച്ചും അവസാന ഓവറില്‍ ഞങ്ങള്‍ വിജയിച്ചതെങ്ങനെയെന്നും ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാക്കുന്നു. ആ ലോകകപ്പില്‍ ഞങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ കളിച്ചു, അവസാനം ട്രോഫി സമ്മാനിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഒരു വികാരം മാത്രമായിരുന്നു. അവസാന ഓവറില്‍ ശ്രീശാന്ത് മിസ്ബയെ ക്യാച്ചെടുത്തപ്പോള്‍ ടീമും കാണികളും ഇന്ത്യക്കായി ആഘോഷിക്കുന്നത് എനിക്ക് ഇപ്പോഴും ചിത്രീകരിക്കാനാകും.

‘മിഷന്‍ മെല്‍ബണി’നായി ഇന്ത്യന്‍ ടീം പൂര്‍ണ്ണമായി സജ്ജരാണെന്നും ട്രോഫി ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായും ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Irfan Pathan shares his experience of Icc T20 worldcup 2007

We use cookies to give you the best possible experience. Learn more