| Thursday, 1st February 2018, 7:46 pm

ഐ.പി.എല്‍ ലേലത്തില്‍ വെറും കറിവേപ്പിലായി മാറി; വികാരഭരിതമായ പ്രതികരണവുമായി ഇര്‍ഫാന്‍ പഠാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കരിയറിന്റെ തുടക്കത്തില്‍ ബൗളിംഗുകൊണ്ടും പിന്നീട് ഓള്‍ റൗണ്ട് മികവുകൊണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍ പഠാന്‍. പക്ഷെ താരത്തിന്റെ വളര്‍ച്ചയോളം തന്നെ അമ്പരപ്പിക്കുന്നതായിരുന്നു വീഴ്ച്ചയും. ഒരു കാലത്ത് ഐ.പി.എല്ലിന്റെ താരമായിരുന്ന ഇര്‍ഫാന്‍ ഇന്ന് ആര്‍ക്കും വേണ്ടാത്തവനായി മാറിയിരിക്കുകയാണ്.

കപില്‍ ദേവിനെ പോലൊയുളള ഓള്‍ റൗണ്ടാകുമെന്നടക്കം കരുതിയിരുന്ന താരമിന്ന് സംസ്ഥാന ടീമില്‍ പോലും ഇടം നേടാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. സമയം എത്ര പെട്ടെന്നാണ് കീഴ്‌മേല്‍ മറിയുക എന്നതിനുള്ള ഉത്തമ ഉദാഹരണമായിരിക്കും ഒരുപക്ഷെ ഇര്‍ഫാന്റെ കരിയര്‍.

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ താരലേലത്തിലും ആരും വാങ്ങാനില്ലാതായതോടെ വികരാഭരിതമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പഠാന്‍. പരാജയങ്ങളില്‍ തളരാതെ താന്‍ മുന്നോട്ടു പോകുമെന്ന് ആരാധകര്‍ക്കുള്ള ഇര്‍ഫാന്റെ സന്ദേശമായിരുന്നു ട്വീറ്റ്.

ഒരു വ്യക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത് അയാളുടെ ധൈര്യവും ആത്മവിശ്വാസുമാണെന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്. സ്‌ട്രോങ് എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു പഠാന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പഠാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. 1.9 കോടിയ്ക്കായിരുന്നു യൂസഫിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

We use cookies to give you the best possible experience. Learn more