2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി പല വമ്പന്‍ ടീമുകളും താരങ്ങളെ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ഉണ്ടായിരുന്നു. നവംബര്‍ 26ന് ആയിരുന്നു ഇതിനുള്ള അവസാന തിയ്യതി. ഗുജറാത്ത് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് 15 കോടിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ 15.5 കോടി മാത്രം കൈവശമുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൈമാറിയാണ് ഹര്‍ദിക്കിനെ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയില്‍ എത്തിയത്.
ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങിയതോടെ ഇര്‍ഫാന്‍ പത്താന്‍ ഇതിനെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയുണ്ടായിരുന്നു.
‘രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിലെ ഒരു അധികായനാണ് ഐ.പി.എല്‍ സീസണുകളില്‍ മുംബൈയ്ക്ക് അഞ്ച് കിരീടങ്ങളാണ് രോഹിത് നേടിക്കൊടുത്തത്. അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി തന്നെ തുടരും. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹര്‍ദിക്കിന് അവസരം ഉണ്ടാകില്ല,’അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
‘മുമ്പില്‍ ഇന്ത്യന്‍സിന് നിരവധി ഓള്‍ റൗണ്ടര്‍മാരുണ്ട് എന്നാല്‍ ആ സ്ഥാനം ശക്തിപ്പെടുത്താനല്ല ഹര്‍ദിക് മടങ്ങിയെത്തിയത്. മുംബൈ ചിന്തിക്കുന്നത് ഭാവിയില്‍ രോഹിത് ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പ്രാപ്തിയായ ഒരു കളിക്കാരനെയാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ലാണ് ഗുജറാത്ത് ടീം ഐ.പി.എല്ലില്‍ ഇടം കണ്ടെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ഹര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ജി.ടി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് അവിടം കൊണ്ടും നിര്‍ത്തിയില്ലായിരുന്നു. 2023 ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തി അവര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനോടായിരുന്നു ജി.ടിയുടെ തോല്‍വി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രീമിയര്‍ ലീഗായ ഐ.പി.എല്ലിന് ലോകമെമ്പാടും വലിയ ആരാധകരാണ് ഉള്ളത്. 2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ പൂരത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Irfan Pathan says that there is another motive for calling Hardik back to Mumbai