അവസരങ്ങള്‍ മുതലെടുക്കാന്‍ അവനറിയാം, സൗത്ത് ആഫ്രിക്കക്കെതിരെ അവന്‍ തിളങ്ങും: ഇര്‍ഫാന്‍ പത്താന്‍
Sports News
അവസരങ്ങള്‍ മുതലെടുക്കാന്‍ അവനറിയാം, സൗത്ത് ആഫ്രിക്കക്കെതിരെ അവന്‍ തിളങ്ങും: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 7:18 pm

2023 ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്ക് എതിരായ ടി-ട്വന്റി ഐ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ബെംഗളുരുവില്‍ ഡിസംബര്‍ മൂന്നിന് നടന്ന അവസാന ടി-ട്വന്റി ഐ മത്സരത്തിലും വിജയിച്ച് 4-1 എന്ന നിലയിലാണ് ഇന്ത്യ ഓസിസിനെ മടക്കി അയച്ചത്.

ഓസീസിനോടുള്ള പരമ്പര വിജയത്തിന് ശേഷം സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി ഐ പരമ്പരയിലെ ആദ്യത്തെ മത്സരം ടര്‍ബനില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ റിങ്കു സിങ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പരയാണ് റിങ്കു നേരിടാനുള്ളതെന്ന് പത്താന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന റിങ്കു സൗത്ത് ആഫ്രിക്കയുടെ ബൗളിങ് ആക്രമണത്തെ പ്രതിരോധിക്കുമെന്നാണ് പത്താന്‍ വിശ്വസിക്കുന്നത്.

‘ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാനാണ് അവന് ഇഷ്ടം. അവന്‍ അതിന് തയ്യാറാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ച് ഒരു ഇടം കയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ അവന്‍ സ്വതന്ത്രമായി കളിക്കുന്നു. അവന് അത് പ്രയോജനമാകും,’ പത്താന്‍ പറഞ്ഞു.

ഓസീസിനെതിരായ ടി ട്വന്റി ഐ മത്സരത്തില്‍ റിങ്കു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ണായകഘട്ടത്തില്‍ മധ്യനിരയില്‍ ആക്രമിച്ച് കളിച്ച് മികച്ച ഫിനിഷര്‍ എന്ന ലേബലില്‍ താരം ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടി കളിച്ച് മികവ് തെളിയിച്ച താരം കൂടിയാണ് റിങ്കു.

‘അവന്‍ ശരിക്കും ശ്രദ്ധ നേടും, ആഭ്യന്തര ക്രിക്കറ്റില്‍ പരിശ്രമിക്കുന്നത് ഐ.പി.എല്ലില്‍ തിളങ്ങാനും മറ്റു അവസരങ്ങള്‍ക്കും വേണ്ടിയാണ്, അത് മികച്ച അനുഭവസമ്പത്തിനെ സൂചിപ്പിക്കുന്നു. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ അവന്‍ അറിയാം,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ണായക ഘട്ടത്തില്‍ മിക്ക ബൗളര്‍മാരും ബാറ്റര്‍ മാരും സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ റിങ്കു സാധാരണയായിട്ടാണ് ബാറ്റ് ചെയ്യുന്നത്. അവന്‍ സമ്മര്‍ദ്ദങ്ങളെ കീഴ്‌പ്പെടുത്തി കൃത്യമായി കളിക്കുന്ന താരമാണ്.


സൗത്ത് ആഫ്രിക്കക്ക് എതിരായ ആദ്യ ടി ട്വന്റി പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് റിങ്കു. അതിനോടൊപ്പം തന്നെ ആദ്യം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ആധിപത്യം സൃഷ്ടിക്കാനാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്.

ശേഷിക്കുന്ന രണ്ട് ടി-ട്വന്റി മത്സരങ്ങള്‍ ഡിസംബര്‍ 12ന് ഗ്‌കെബര്‍ഹയിലും ഡിസംബര്‍ 14ന് ജോഹന്നാസ്ബര്‍ഗിലും നടക്കും. ഏകദിന മത്സരം ഡിസംബര്‍ 17ന് ആണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്.

 

Content Highlight: Irfan Pathan says that Rinku Singh will shine against South Africa