ഐ.പി.എല്ലിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ടീം ഇന്ത്യ. നാളെ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യപ്റ്റനായിരുന്നു രാഹുല്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ഐ.പി.എല്ലില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരുപാട് ഇംപ്രൂവ്‌മെന്റുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ അഭിപ്രായം. എന്നാലും ഈ പരമ്പര രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് ഒരു പരീക്ഷ തന്നെയാണ് എന്നാണ് പത്താന്‍ കരുതുന്നത്.
‘തീര്‍ച്ചയായും, എല്ലാ കളിക്കാര്‍ക്കും ഈ പരമ്പര ടീമില്‍ തുടരാനുള്ള ഒരു പരീക്ഷയാണ്. എന്നാല്‍ ഏറ്റവും പ്രധാനമായി കെ.എല്‍. രാഹുലെന്ന നായകനുള്ള പരമ്പരയായിരിക്കുമിത്. പരീക്ഷയ്ക്ക് പോകുമ്പോഴെല്ലാം, എല്ലവരും നന്നായി തയ്യാറെടുക്കുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം നന്നായി തയ്യാറെടുത്തെന്നാണ് എന്റെ വിശ്വാസം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ടീമെന്ന നിലയില്‍ മികച്ച രീതിയിലാണ് അദ്ദേഹം കൊണ്ടുപോയത്,’ പത്താന്‍ പറഞ്ഞു
‘എന്റെ അഭിപ്രായത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഒരുപാട് ഇംപ്രൂവ്‌മെന്റുണ്ട്. മുമ്പ് പഞ്ചാബിന്റെ ക്യാപ്റ്റനായപ്പോള്‍ തന്റെ ക്യാപ്റ്റന്‍സിയെ മനസിലാക്കാനായിരുന്നു അവന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അവന്‍ നന്നായന്നെനിക്ക് തോന്നുന്നു,’ ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിലാണ് ഇര്‍ഫാന്‍ തന്റെ അഭിപ്രായം പറഞ്ഞത്. ലഖ്‌നൗ ടീമിനെ പ്ലേ ഓഫ് വരെ എത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റായിരുന്നു ലഖ്‌നൗ പുറത്തായത്.
എന്നാല്‍ രാഹുലിന് മെച്ചപ്പെടാന്‍ ഇനിയും സാധ്യതകളുണ്ടെന്നാണ് പത്താന്റെ അഭിപ്രായം. അദ്ദേഹം വളരെ കൂള്‍ ക്യാപ്റ്റനാണെന്നും പത്താന്‍ പറഞ്ഞു.
‘രാഹുലിന് മെച്ചപ്പെടാന്‍ ഇനിയും ഒരുപാട് സാധ്യതകളുണ്ട്, സമയം കഴിയും തോറും അവന്‍ മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു. അവന്‍ ശാന്തനും വളരെ പരിചയസമ്പന്നനുമായ കളിക്കാരനാണ്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍, അദ്ദേഹം മികച്ച പ്രകടനം തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം എനിക്ക് അദ്ദേഹത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. കൂടാതെ അദ്ദേഹം ഒരു നല്ല ലീഡറായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് ഇന്ത്യയെ മൂന്ന് ഏകദിനത്തില്‍ നയിച്ച രാഹുലിന് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യയെ രാഹുല്‍ നയിച്ചിട്ടുണ്ട് എന്നാല്‍ അതിലും വിജയിക്കാന്‍ ടീമിനായില്ലായിരുന്നു.
നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നന്നത്.