| Monday, 22nd August 2022, 6:24 pm

ഇന്ത്യ വിരാടിനെ ലോകകപ്പില്‍ കളിപ്പിക്കരുത്, പുറത്താക്കണം; ആഞ്ഞടിച്ച് ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് മുന്‍ നായകനായ വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വളരെ മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. 2019ന് ശേഷം അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും വിശ്രമമെടുത്തിരിക്കുന്ന വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനാണ് ടീം ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നത്.

വിരാട് അദ്ദേഹത്തിന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ അദ്ദേഹത്തിനും ഇന്ത്യന്‍ ടീമിനും ഗുണമുള്ളൂ. ഫോമിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം കൊടുക്കരുതെന്നാണ് ഇന്ത്യന്‍ ടീമിന്റെ ലെജന്‍ഡറി ഓള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വിരാട് തീര്‍ച്ചയായും ടീമിന്റെ എക്‌സ്ഫാക്ടറാകുമെന്ന് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

വിരാട് ഏഷ്യാ കപ്പില്‍ ഫോമിലെത്തിയാല്‍ അദ്ദേഹം ഓസ്‌ട്രേലിയ തന്റെ ഇഷ്ടപ്പെട്ട സ്ഥലമാണെന്ന് പറയുമെന്നും അവിടെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്ന് കോണ്‍ഫിഡന്‍സോടെ പറയുമെന്നും പത്താന്‍ പറഞ്ഞു.

‘ഏഷ്യാ കപ്പില്‍ വിരാട് ഫോമിലെത്തിയാല്‍, ഓസ്ട്രേലിയയാണ് എനിക്ക് റണ്‍ നേടാന്‍ ഏറ്റവും ഇഷ്ടപ്പെട്ട വേദിയെന്ന് അദ്ദേഹം പറയും. അവിടുത്തെ പിച്ചുകള്‍ മികച്ചതാണ്, ഏഷ്യാ കപ്പില്‍ ഞാന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, എന്നൊക്കെ അദ്ദേഹത്തിന് കോണ്‍ഫിഡെന്‍സിനോട് പറയാന്‍ സാധിക്കും,’ പത്താന്‍ പറഞ്ഞു.

സ്റ്റാര്‍സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാ കപ്പില്‍ വിരാട് പരാജയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിനെ പുറത്താക്കണമെന്നും മറ്റു താരങ്ങളെ അന്വേഷിക്കണമെന്നും പത്താന്‍ പറയുന്നു.

‘ഏഷ്യാ കപ്പില്‍ വിരാട് പരാജയപ്പെട്ടാല്‍, ഇന്ത്യ മറ്റ് വഴികള്‍ തേടണം. നിങ്ങള്‍ ഫോമിലുള്ള കളിക്കാരെ ടീമിലെത്തിക്കാന്‍ ശ്രമിക്കണം. ഫോം കണ്ടെത്താന്‍ ശ്രമിക്കുന്ന താരങ്ങള്‍ ലോകകപ്പ് ടീമിലുണ്ടാകാന്‍ പാടില്ല. ലോകകപ്പ് എന്ന് പറയുന്നത് ഒരു കളിക്കാരനും അവരുടെ ഫോം കണ്ടെത്താനുള്ള സ്ഥലമല്ല,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍.

Content Highlight: Irfan Pathan says  India should look into other options if Virat Kohli is not In form

We use cookies to give you the best possible experience. Learn more