മുംബൈ: 2007 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് മറക്കാനാവാത്ത ഒന്നാണ്. ഏറെ പ്രതീക്ഷയോടെ വിന്‍ഡീസിലേക്ക് വിമാനം കയറിയ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
രാഹുല്‍ ദ്രാവിഡായിരുന്നു ടീം ഇന്ത്യയെ നയിച്ചിരുന്നത്. സച്ചിനും ഗാംഗുലിയും സെവാഗും ധോണിയും യുവരാജും ഹര്‍ഭജനും സഹീറും അഗാര്‍ക്കറും ഇര്‍ഫാന്‍ പത്താനുമെല്ലാം ടീമിലുണ്ടായിട്ടും ബംഗ്ലാദേശിനോട് തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി.
താരങ്ങളെ മാനസികമായി തളര്‍ത്തിയ ആ തോല്‍വിയില്‍ നിന്നും മുക്തരാക്കാന്‍ ദ്രാവിഡ് നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇര്‍ഫാന്റെ പ്രതികരണം.
‘കളി തോറ്റ് വിഷമിച്ച് നില്‍ക്കുകയായിരുന്ന എന്റേയും ധോണിയുടേയും അടുത്തേക്ക് അദ്ദേഹം വന്നു. നോക്കൂ, നമ്മള്‍ ലോകകപ്പ് തോറ്റു എന്നത് ശരിയാണ്. എല്ലാവരും വലിയ മനപ്രയാസത്തിലാണ്. നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഈ തോല്‍വി ഒന്നിന്റേയും അവസാനമല്ലെന്നും നാളെ ഉറപ്പായും ടീം ഇന്ത്യ തിരിച്ചുവരുമെന്നും ദ്രാവിഡ് പറഞ്ഞതായി ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. കളിക്കാരെ എപ്പോഴും പോസിറ്റീവായി നിലനിര്‍ത്താന്‍ സാധിക്കുന്നയാളാണ് ദ്രാവിഡെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് 2011 ല്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. 2007 ല്‍ ഇന്ത്യയ്ക്ക് മടക്കടിക്കറ്റ് നല്‍കിയ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ 2011 ലോകകപ്പിലേക്കുള്ള പ്രയാണം ആരംഭിച്ചത്.
നിലവില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലകത്വത്തിന് കീഴിലാണ് ഇന്ത്യയുടെ ഒരു ടീം ലങ്കന്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. ലങ്കയില്‍ ഏതെങ്കിലും താരം ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ദ്രാവിഡായിരിക്കും ആദ്യമെത്തുകയെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.