| Sunday, 4th September 2022, 5:07 pm

'മാരോ മുജേ മാരോ' അണ്ണനെ ഓര്‍മയില്ലേ... അന്ന് തോറ്റതിന്റെ സങ്കടമാണെങ്കില്‍ നിന്ന് പത്താനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ആറാട്ട് അണ്ണനെ പോലെ ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കട്ട ആരാധകനായ മോമിന്‍ സാഖിബ്. ആ പേര് പറഞ്ഞാല്‍ പലര്‍ക്കും അറിയണമെന്നില്ല, എന്നാല്‍ പാകിസ്ഥാന്റെ പരാജയത്തില്‍ മാരോ മുജേ മാരോ എന്ന് ചാനലിന് മുമ്പില്‍ നിന്ന് കരഞ്ഞ ആ ഫാന്‍ ബോയ്‌യെ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാന്‍ സാധ്യതയില്ല.

അന്ന് തരംഗമായ ആശാന്‍ ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറായിരുന്നു ഇര്‍ഫാന്‍ പത്താനെ ആവശ്യമില്ലാതെ പോയി ചൊറിഞ്ഞതിന് പിന്നാലെയാണ് ആശാന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്.

ഇര്‍ഫാന്‍ പത്താനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

വീഡിയോയില്‍ ഇര്‍ഫാന്‍ പത്താന്‍ 2006ല്‍ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്.

‘ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താനെ കാണാന്‍ ഭാഗ്യം ലഭിച്ചു. ഇര്‍ഫാന്‍ ഭായ് നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തവണത്തെ ഏഷ്യാ കപ്പ് ഞങ്ങള്‍ക്കുള്ളതാണ്, എന്നായിരുന്നു സാഖിബ് ഇര്‍ഫാന്‍ പത്താനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തെ കുറിച്ച് പ്രവചിക്കാനും വീഡിയോയില്‍ സാഖിബ് ആവശ്യപ്പെടുന്നുണ്ട്.

‘ഞായറാഴ്ചത്തെ മത്സരത്തെ കുറിച്ച് താങ്കള്‍ക്ക് എന്തുതോന്നുന്നു. ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്,’ എന്നായിരുന്നു സാഖിബിന്റെ ചോദ്യം.

‘റിപ്പീറ്റ് ഹി ഹോഗാ’ എന്നായിരുന്നു പത്താന്റെ മറുപടി.

‘കഴിഞ്ഞ വര്‍ഷത്തെ പോലെയാണോ?’ എന്നായിരുന്നു സാഖിബ് തിരിച്ചു ചോദിച്ചത്. കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചതിനെ കുറിച്ചായിരുന്നു സാഖിബിന്റെ പരാമര്‍ശം.

എന്നാല്‍ ഒറ്റ പ്രാവശ്യമല്ലേ ജയിച്ചത് എന്നായിരുന്നു ഇര്‍ഫാന്‍ മറുപടി.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇരുടീമിലെയും പല സൂപ്പര്‍ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യയും പാകിസ്ഥാനും കളത്തിലിറങ്ങുന്നത്.

Content Highlight:  Irfan Pathan reply to Maaro Mujhe Maaro guy goes viral

We use cookies to give you the best possible experience. Learn more