കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ 2023-24ലേക്കുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലിസ്റ്റ് പുറത്തുവിട്ടത്. എ പ്ലസ്, എ, ബി, സി കാറ്റഗറികളിലായി 30 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അപെക്‌സ് ബോര്‍ഡ് ലിസ്റ്റ് പുറത്തുവിട്ടത്.
സൂപ്പര്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്താതെയാണ് ബി.സി.സി.ഐ ലിസ്റ്റ് പുറത്തുവിട്ടത്. കരാറില്‍ ഇരുവരുടെയും പേര് പരിഗണിച്ചിരുന്നില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
ഈ ലിസ്റ്റ് പുറത്തുവന്നതിന് പിന്നലെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍ വിഷയത്തില്‍ തന്റെ ആദ്യ അഭിപ്രായം പങ്കുവെച്ചിരുന്നു. അവിശ്വസനീയം എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
ഇപ്പോള്‍ വിഷയത്തില്‍ ഇഷാനെയും ശ്രേയസ്‌നെയും പിന്തുണച്ചും ബി.സി.സി.ഐക്കെതിരെ ചോദ്യശരമെറിഞ്ഞും രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.
‘ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും, രണ്ട് പേരും മികച്ച ക്രിക്കറ്റര്‍മാരാണ്. അവര്‍ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കാത്ത ഹര്‍ദിക് പാണ്ഡ്യയെ പോലെയുള്ള താരങ്ങള്‍ നാഷണല്‍ ഡ്യൂട്ടിയിലില്ലാത്തപ്പോള്‍ ഡൊമസ്റ്റിക് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കേണ്ടതുണ്ടോ? ഇത് എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ബി.സി.സി.ഐ ഉദ്ദേശിച്ച ഫലം ഒരിക്കലും ലഭിക്കില്ല,’ പത്താന്‍ പറഞ്ഞു.
They are talented cricketers, both Shreyas and Ishan. Hoping they bounce back and come back stronger. If players like Hardik don’t want to play red ball cricket, should he and others like him participate in white-ball domestic cricket when they aren’t on national duty? If this…
അയ്യര്‍ക്കും ഇഷാനും പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനും കമന്റേറ്റുമായ രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. പത്താനെ പോലെ ശക്തമായി തന്നെ തിരിച്ചുവരാനാണ് ശാസ്ത്രിയും അവരോട് ആവശ്യപ്പെട്ടിരുക്കുന്നത്.
‘ക്രിക്കറ്റില്‍ തിരിച്ചുവരവുകളാണ് സ്പിരിറ്റിനെ നിര്‍വചിക്കുന്നത്. ശ്രേയസ്, ഇഷാന്‍ തലയുയര്‍ത്തി നില്‍ക്കൂ. കൂടുതല്‍ വെല്ലുവിളികളെ നേരിട്ട് ശക്തരായി തിരിച്ചുവരൂ. നിങ്ങളുടെ മുന്‍ കാല നേട്ടങ്ങള്‍ നിങ്ങള്‍ക്കായി സംസാരിക്കുന്നുണ്ട്. നിങ്ങളതെല്ലാം ഒരിക്കല്‍ക്കൂടി വീണ്ടെടുക്കുമെന്നതില്‍ എനിക്ക് സംശയമില്ല,’ ശാസ്ത്രി എക്സില്‍ കുറിച്ചു.
അതേസമയം, അയ്യര്‍ ആഭ്യന്തര തലത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. രഞ്ജിയില്‍ മുംബൈ ക്യാമ്പിനൊപ്പം ചേരുകയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കുകയും ചെയ്തിരുന്നു.
ബറോഡക്കെതിരായ മത്സരം സമനിലയിലായതിന് പിന്നാലെ ടീം സെമി ഫൈനലിനും യോഗ്യത നേടി. മാര്‍ച്ച് രണ്ടിനാണ് അയ്യര്‍ സെമി ഫൈനലിനിറങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ജയ്‌ദേവ് ഉനദ്കട്ടിന്റെ സൗരാഷ്ട്രയാണ് എതിരാളികള്‍.