| Monday, 23rd May 2022, 7:11 pm

രാജസ്ഥാന്‍ ഫൈനല്‍ ഉറപ്പിച്ചു, എതിരാളികള്‍ ഇവരും; വമ്പന്‍ നിരീക്ഷണവുമായി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നാടകീയതയും ആവേശവും നിറഞ്ഞ മത്സരങ്ങളായിരുന്നു ഇത്തവണത്തെ ഐ.പി.എല്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്രതീക്ഷമായ മത്സരഫലങ്ങളും അട്ടിമറി നിമിഷങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍.

കളിക്കുന്ന ടീമുകളല്ലൊം തങ്ങളുടെ നൂറു ശതമാനവും പുറത്തെടുക്കുന്ന പ്ലേ ഓഫില്‍ വിജയികളെ പ്രവചിക്കുക എന്നത് അല്‍പം കഠിനമാണ്, ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അണ്‍പ്രഡിക്ടബിലിറ്റി ആണെന്നതുതന്നെയാണ് ഇതിന് കാരണം.

പ്ലേ ഓഫ് മത്സരങ്ങള്‍ ലൈനപ്പായപ്പോള്‍ തന്നെ ഫൈനല്‍ കളിക്കുന്ന ടീമുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

ഫാഫ് ഡു പ്ലസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിരിക്കും ഫൈനല്‍ കളിക്കാന്‍ സാധ്യത എന്നാണ് ഇര്‍ഫാന്‍ പത്താന്റെ വിലയിരുത്തല്‍.

14 മത്സരത്തില്‍ നിന്നും 9 ജയത്തോടെ 18 പോയിന്റുമായാണ് റോയല്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയത്. 8 ജയം സ്വന്തമാക്കി 16 പോയിന്റുമായാണ് ആര്‍.സി.ബി പ്ലേ ഓഫില്‍ കടന്നുകൂടിയത്.

പോയിന്റ് ടേബിളില്‍ രാജസ്ഥാന്‍ 2ാം സ്ഥാനത്തും ആര്‍.സി.ബി 4ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

പ്ലേ ഓഫിലെ ക്വാളിഫയര്‍ വണ്ണില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തായിരുന്നു വിജയിച്ചത്.

പ്ലേ ഓഫിലെ, ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെയാണ് ബെംഗളൂരുവിന് നേരിടേണ്ടത്. ഇതിന് പിന്നാലെ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനേയും തോല്‍പ്പിച്ചാല്‍ മാത്രമേ ടീം പ്ലേ ബോള്‍ഡിന് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.

2009, 2011, 2016 എന്നീ സീസണുകളില്‍ ആര്‍.സി.ബി. ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കപ്പുയര്‍ത്താനുള്ള ഭാഗ്യം ആര്‍.സി.ബിക്ക് ലഭിച്ചിട്ടില്ല.

2008ലെ ഐ.പി.എല്ലിലെ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാന്‍ അതിനു ശേഷം ഇന്നേവരെ ഫൈനല്‍ കളിച്ചിട്ടില്ല.

മിന്നുന്ന ഫോമില്‍ കളിക്കുന്ന രാജസ്ഥാനും ഫോമിലേക്ക് മടങ്ങിയെത്തിയ ബെംഗളൂരുവും ഫൈനലില്‍ ഏറ്റുമുട്ടുകയാണെങ്കില്‍ മത്സരം തീപാറുമെന്നുറപ്പാണ്.

എന്നാല്‍, രണ്ട് ടീമുകളെ സംബന്ധിച്ചും കാര്യം എളുപ്പമാവില്ല. എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുന്ന ഗുജറാത്തും ലഖ്‌നൗവും ഏത് ദിവസവും ഏത് ടീമിനേയും മലര്‍ത്തിയടിക്കാന്‍ പോന്നവര്‍ തന്നെയാണ്.

Content Highlight: Irfan Pathan predicts teams to play in IPL final

We use cookies to give you the best possible experience. Learn more