ഐ.പി.എല്‍ മെഗാ താരലേലത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. നവംബര്‍ 24, 25 തിയ്യതികളിലായി ജിദ്ദയിലാണ് മെഗാ താരലേലം അരങ്ങേറുന്നത്.
റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ടീമുകള്‍ ഇടം നല്‍കാതിരുന്ന പല സൂപ്പര്‍ താരങ്ങളും ഓക്ഷന്‍ പൂളിലുണ്ട്. മിക്ക ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ വരെ ഓക്ഷന്‍ ഹാമ്മറിന് കീഴിലെത്തുന്നതോടെ ടോട്ടല്‍ ഷേക്ക് അപ്പിനാകും ഐ.പി.എല്‍ 2025 സാക്ഷ്യം വഹിക്കുക.
ഇത്തവണത്തെ മെഗാ ലേലത്തില്‍ ഏറ്റവുമധികം തുക നേടാന്‍ പോകുന്ന താരത്തെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്തായിരിക്കും ഈ ലേലത്തില്‍ വന്‍ തുക കൊയ്യാന്‍ പോകുന്നത് എന്നായിരുന്നു പത്താന്റെ പ്രവചനം.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരിക്കും പന്തിനെ ടീമുകള്‍ സ്വന്തമാക്കുക എന്നും പത്താന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരില്‍ കുറിക്കപ്പെട്ട 24.75 കോടി രൂപയുടെ റെക്കോഡ് തകര്‍ത്തായിരിക്കും പന്തിനെ ടീമിലെത്തിക്കുക എന്നും പത്താന്‍ അഭിപ്രായപ്പെട്ടു.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പത്താന്‍ ഇക്കാര്യം പറഞ്ഞത്.
Mitchell Starc’s auction record is in danger. @RishabhPant17 is ready to break it!
ദല്‍ഹി ക്യാപ്പിറ്റല്‍സ് റിഷബ് പന്തിനെ നിലനിര്‍ത്താതിരുന്നത് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ലേലത്തിന് മുമ്പ് നാല് താരങ്ങളെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയത്. 16.50 കോടി നല്‍കി റിറ്റെയ്ന്‍ ചെയ്ത അക്‌സര്‍ പട്ടേലാണ് ഇക്കൂട്ടത്തിലെ പ്രധാനി.
താരലേലത്തില്‍ 73 കോടിയാണ് ക്യാപ്പിറ്റല്‍സിന് ചെലവഴിക്കാന്‍ സാധിക്കുക. രണ്ട് ആര്‍.ടി.എം ഓപ്ഷനകളും ടീമിന് ഉപയോഗിക്കാന്‍ സാധിക്കും. ഇതിലൂടെ രണ്ട് ക്യാപ്ഡ് താരങ്ങളെയോ അല്ലെങ്കില്‍ ഒരു ക്യാപ്ഡ് താരവും ഒരു അണ്‍ ക്യാപ്ഡ് താരവും എന്ന രീതിയിലോ ക്യാപ്പിറ്റല്‍സിന് താരങ്ങളെ തിരികെയെത്തിക്കാന്‍ സാധിക്കും.
റിഷബ് പന്തിനായി ക്യാപ്പിറ്റല്‍സ് ആര്‍.ടി.എം ഉപയോഗിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.
ഐ.പി.എല്‍ മെഗാ താരലേലത്തിനുള്ള ഫൈനല്‍ ലിസ്റ്റ് നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ നിന്നും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത 574 താരങ്ങളുടെ പട്ടികയാണ് അപെക്സ് ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.
🚨CONTEST ALERT 🚨
Win a trip to Jeddah with Delhi Capitals & experience the IPL Mega Auction LIVE with us! 🤩🥳
If you want to be one of 1️⃣0️⃣ lucky winners, register now on the link below 👇
ലേലത്തില്‍ പങ്കെടുക്കുന്ന 574ല്‍ 366 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 208 പേര്‍ ഓവര്‍സീസ് താരങ്ങളും. മൂന്ന് അസോസിയേറ്റ് താരങ്ങള്‍ മാത്രമാണ് ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ 318 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാത്തവരാണ്. ലേലത്തിന്റെ ഭാഗമാകുന്ന 12 വിദേശ താരങ്ങളും ഇതുവരെ നാഷണല്‍ ജേഴ്സി ധരിച്ചിട്ടില്ല.
Content Highlight: Irfan Pathan predicts Rishabh Pant will break Mitchell Starc’s auction record