Sports News
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല; അവന് ഇത് ഏറെ സ്‌പെഷ്യലായിരിക്കും; പാടിപ്പുകഴ്ത്താന്‍ മറന്ന ഹീറോയെ കുറിച്ച് പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 05, 07:59 am
Friday, 5th July 2024, 1:29 pm

ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടുന്നത്.

ഈ വിജയത്തിന് പിന്നാലെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഇംഗ്ലണ്ട് (2010, 2022) വെസ്റ്റ് ഇന്‍ഡീസ് (2012, 2016) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

 

ഈ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായ താരമാണ് വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. വിരാടിന്റെ ഫൈനല്‍ ഇന്നിങ്‌സിനും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും ബുംറയുടെയും അര്‍ഷ്ദീപിന്റെ ബൗളങ് പ്രകടനത്തിനും സൂര്യയുടെ ക്യാച്ചിനും ഹര്‍ദിക്കിന്റെ മിന്നും പ്രകടനത്തിനുമെല്ലാമിടയില്‍ പന്തിന്റെ പ്രകടനം മുങ്ങിപ്പോയിരുന്നു. അര്‍ഹിച്ച അഭിനന്ദനം പന്തിന് ലഭിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പന്തിനെ കുറിച്ചും താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. എട്ട് മത്സരത്തില്‍ നിന്നും 24.42 ശരാശരിയിലും 127.61 സ്‌ട്രൈക്ക് റേറ്റിലും 171 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ വിക്കറ്റിന് പിന്നിലാണ് പന്തിന്റെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. 13 ക്യാച്ചും ഒരു സ്റ്റംപിങ്ങുമടക്കം 14 ഡിസ്മിസ്സലാണ് താരം നടത്തിയത്. ഇതിനെ കുറിച്ചാണ് പത്താന്‍ സംസാരിക്കുന്നത്.

‘ആദ്യം തന്നെ നമുക്ക് അവന്റെ വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ച് സംസാരിക്കാം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരാള്‍ക്ക് പോലും 14 ഡിസ്മിസ്സലുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഇതുവരെ ഒരു വിക്കറ്റ് കീപ്പറുടെ റെക്കോഡ് എന്നത് പത്ത് ഡിസ്മിസ്സലുകളായിരുന്നു.

ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അവനെ സംബന്ധിച്ച് ഈ വേള്‍ഡ് കപ്പ് ഏറെ സ്‌പെഷ്യലായിരിക്കും. കാരണം അവനെടുത്ത ചില ക്യാച്ചുകളെല്ലാം തന്നെ അത്രത്തോളം മനോഹരമായിരുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ പറഞ്ഞു.

 

ഫൈനലിനിടെ റിഷബ് പന്തിന് സംഭവിച്ച പരിക്കും ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ പന്തിന് പരിചരണം നല്‍കുന്നതിനിടെ അഞ്ച് മിനിട്ടോളം മത്സരം തടസ്സപ്പെട്ടിരുന്നു. അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഹെന്‌റിക് ക്ലാസന്റെ മൊമെന്റം നഷ്ടപ്പെടുന്നതിനും ഇത് കാരണമായിരുന്നു. അധികം വൈകാതെ ക്ലാസന്‍ പുറത്താവുകയും ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

 

Also Read: ടി-20യില്‍ 195 ചെയ്‌സ് ചെയ്യുമ്പോള്‍ 11 പന്തില്‍ 2 റണ്‍സോ! അല്ല… ഞങ്ങളുടെ ഗെയ്ല്‍ ഇങ്ങനെയല്ല, തോല്‍വി

 

Also Read: മെസിക്ക് പിഴച്ചപ്പോള്‍ വീണ്ടും രക്ഷകനായി എമിലിയാനോ; ഗോള്‍വല കാക്കും ഭൂതത്താന്റെ കരുത്തില്‍ മെസിപ്പട സെമിയിലേക്ക്

 

Also Read: വാംഖഡെയില്‍ ഒരിക്കല്‍ക്കൂടി ഹര്‍ദിക്കിന് കണ്ണുനിറഞ്ഞു; കൂവി വിളിച്ചവര്‍ക്ക് മുമ്പില്‍ നായകന് കിരീടധാരണം

 

Content highlight: Irfan Pathan praises Rishabh Pant