വിരാടും രോഹിതും ​ഗില്ലുമല്ല, ഇന്ത്യക്ക് ആവശ്യം അവനെ: ഇർഫാൻ പത്താൻ
Cricket
വിരാടും രോഹിതും ​ഗില്ലുമല്ല, ഇന്ത്യക്ക് ആവശ്യം അവനെ: ഇർഫാൻ പത്താൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th January 2023, 1:15 pm

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യ ഐ.സി.സി ഏകദിന റാങ്കിങ്ങിൽ
ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഇത്തവണ തകർപ്പൻ ടീമാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോഹ് ലി, ശുഭ്മൻ ഗിൽ, ഹർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് തുടങ്ങി പ്രതീക്ഷ നൽകുന്ന താരങ്ങൾ ഏറെയാണ്.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും നിർണ്ണായകമാവുന്ന താരം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹർദിക് പാണ്ഡ്യയാണ് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും നിർണ്ണായക താരം. ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ബാറ്റും പന്തും ചെയ്യാൻ കഴിവുള്ള താരത്തെ ടീമിന് അത്യാവശ്യമാണ്. ഹർദിക്കിനെപ്പോലുള്ള താരത്തെ കണ്ടെത്തുക വളരെ പ്രയാസമാണ്. ലോക ക്രിക്കറ്റിൽത്തന്നെ ഹർദിക്കിനെപ്പോലെയുള്ള താരങ്ങൾ ചുരുക്കമാണ്.

പാണ്ഡ്യ ഫോമിലാണെങ്കിൽ അവനെ തടുക്കാൻ ആർക്കും കഴിയില്ല. ഇൻഡോറിൽ യഥാർത്ഥ സമയത്തായിരുന്നു അവൻറെ ഇന്നിങ്സ്. രോഹിത്തും ഗില്ലും ഒഴികെയുള്ള മറ്റ് ബാറ്റർമാരെല്ലാം റണ്ണെടുക്കാൻ പാടുപെട്ടപ്പോഴായിരുന്നു ഫിനിഷറായി എത്തിയ ഹാർദ്ദിക്കിൻറെ വെടിക്കെട്ട്. മറ്റുള്ളവർ ബുദ്ധിമുട്ടിയപോലെ ഹർദ്ദിക്കിന് ബാറ്റിങ്ങിൽ യാതൊരു വെല്ലുവിളിയും ഉണ്ടായില്ല,’ ഇർഫാൻ പത്താൻ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെ 38 പന്തിൽ 54 റൺസെടുത്ത പാണ്ഡ്യ മൂന്ന് സിക്സും മൂന്ന് ഫോറും പറത്തി. പാണ്ഡ്യയുടെ വെടിക്കെട്ടാണ് 350ൽ താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ 385ൽ എത്തിച്ചത്.

ഇന്ത്യ ഭാവി നായകനെന്ന നിലയിലേക്ക് പരിഗണിക്കുന്ന താരമാണ് ഹർദിക് പാണ്ഡ്യ. ഇതിനോടകം ടി-20യിൽ നായകനെന്ന നിലയിൽ ഹർദിക്കിന് അവസരം നൽകിയിട്ടുണ്ട്. അവസാനമായി ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ഹർദിക്കാണ്. വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി-20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത് ഹർദിക്കാണ്.

രോഹിത്തുൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് ഇന്ത്യ ടി-20യിൽ ഇപ്പോൾ അധികം അവസരം നൽകാറില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ഏകദിന നായകസ്ഥാനത്തേക്ക് ഹർദിക്കിനെ എത്തിക്കുമെന്നാണ് വിവരം. സമ്മർദ്ദ ഘട്ടങ്ങളിൽ നന്നായി കളിക്കാൻ ഹർദിക്കിന് കഴിവുണ്ട്. കന്നി സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയതോടെയാണ് ഹർദിക്കിന്റെ നായക മികവ് എല്ലാവരും തിരിച്ചറിഞ്ഞത്.

Content Highlights: Irfan Pathan praises Hardik Pandya