| Sunday, 5th June 2022, 5:20 pm

ധോണിയേയും ഹര്‍ദിക്കിനേയും നിലക്ക് നിര്‍ത്താന്‍ അവന് സാധിച്ചിരുന്നു; യുവതാരത്തെ പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആഘോഷങ്ങള്‍ അടങ്ങിയതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനായി ഒരുങ്ങിരിക്കുകയാണ് ടീം ഇന്ത്യ. ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ടി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടും.

ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിച്ചിരുന്നു. ആ കൂട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിംഗും ഉണ്ട്.

18 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ അര്‍ഷ്ദീപിനെ അഞ്ച് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറക്കണം എന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ അഭിപ്രായം. ഐ.പി.എല്ലിലെ താരത്തിന്റെ ഡെത്ത് ബൗളിംഗിനെ പത്താന്‍ ഒരുപാട് പ്രശംസിച്ചു.

‘വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അയാളുടെ ഐ.പി.എല്‍ പ്രകടനം നോക്കുകയാണെങ്കില്‍, മത്സരങ്ങള്‍ കൂടുതലും വിക്കറ്റുകള്‍ കുറവുമാണ്, എന്നിട്ടും സെലക്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ച് ടീമിലേക്ക് തെരഞ്ഞെടുത്തു,’ പത്താന്‍ പറഞ്ഞു

അതിന് കാരണമുണ്ട്, മികച്ച ബാറ്റര്‍മാരെ അദ്ദേഹം നിശബ്ദരാക്കുന്നു. ഡെത്ത് ഓവറില്‍ അദ്ദേഹം മികച്ചരീതിയില്‍ പന്തെറിയുന്നു. ധോണിയെയും ഹാര്‍ദിക് പാണ്ഡ്യയെയും അവന്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ നിര്‍ത്തുന്നു. സെറ്റായി നില്‍ക്കുന്ന ബാറ്റര്‍മാര്‍ക്കെതിരെ സ്ഥിരതയാര്‍ന്ന യോര്‍ക്കറുകള്‍ എറിയാനും അവന് സാധിക്കുന്നുണ്ട്. ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ അര്‍ഷ്ദീപിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍താരം വ്യക്തമാക്കി.

‘ഇടം കയ്യന്‍ ബൗളര്‍മാര്‍ എപ്പോഴും ടീമിന് ഗുണമുള്ളവരാണ് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഒരു ഇടംകൈയ്യന്‍ ബൗളറെ ടീമില്‍ തെരഞ്ഞെടുത്തത്. അതിനാല്‍ എല്ലാ മത്സരങ്ങളും അവനെ കളിപ്പിക്കുക. ടീമിന് ആവശ്യമുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം കൈ ഉയര്‍ത്തുന്ന ഒരു ബൗളറാണ് അദ്ദേഹം, യോര്‍ക്കറുകള്‍ എറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹം ശ്രമിക്കും,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

14 കളിയില്‍ നിന്നും 10 വിക്കറ്റുകള്‍ മാത്രമേ അര്‍ഷ്ദീപ് എടുത്തുള്ളുവെങ്കിലും ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിംഗായിരുന്നു താരം കാഴ്ചവെച്ചത്. 38 യോര്‍ക്കറുകളാണ് താരം ഈ സീസണില്‍ എറിഞ്ഞത്.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയോടൊപ്പം ഈ സീസണില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞതും അര്‍ഷ്ദീപാണ്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പേസ് ബൗളര്‍മാരില്‍ ഒരാളാണ് അര്‍ഷ്ദീപ്. സ്‌ക്വാഡിലെ ഒരേയൊരു ഇടം കയ്യന്‍ പേസര്‍ എന്നത് അദ്ദേഹത്തിന് ഇലവനില്‍ ഇടം നേടാന്‍ സഹായിച്ചേക്കാം. എന്നാലും എത്ര കളിയില്‍ അദ്ദേഹത്തെ ഇറക്കും എന്നത് കണ്ടറിയണം.

Content Highlights: Irfan Pathan praises Arshdeep Singh

Latest Stories

We use cookies to give you the best possible experience. Learn more