| Tuesday, 19th December 2023, 9:21 am

അവന്‍ ഒരു പത്തോ പതിനഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകും; മനസ്സ് തുറന്ന് ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ സായ് സുദര്‍ശനെകുറിച്ച് സംസാരിച്ചിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെ പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍. ഇന്ത്യന്‍ ടീമിനൊപ്പം സായ് സുദര്‍ശന് വളരെ ദീര്‍ഘകാലം കളിക്കാന്‍ സാധിക്കുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.

‘ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഒരു കളിക്കാരന്‍ ഇതുപോലെ മികച്ച പ്രകടനം നടത്തുമ്പോള്‍ സായ് സുദര്‍ശന്‍ അടുത്ത 10-15 വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന് അനുയോജ്യനായ ഒരാളെ കണ്ടെത്തിയെന്ന് എനിക്ക് തോന്നുന്നു. ഇത് സായ്ക്ക് ഒരു മികച്ച തുടക്കമാണ്. ആദ്യ പന്തില്‍ തന്നെ അവന്‍ ബൗണ്ടറി നേടി. കളിക്കളത്തില്‍ അവന്‍ നന്നായി തുടങ്ങി,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സായ് സുദര്‍ശന്റെ ബാറ്റിങ് കഴിവുകളെ കുറിച്ചും ഇര്‍ഫാന്‍ പങ്കുവെച്ചു. സായ് സുദര്‍ശന്റെ ബാറ്റിങ് കാണുമ്പോള്‍, അവന്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്നു. മത്സരത്തില്‍ ഷോര്‍ട്ട് ഡെലിവറികള്‍ സമര്‍ത്ഥമായി അവന്‍ കൈകാര്യം ചെയ്യുന്നു. ഒപ്പം ഫാസ്റ്റ് ബൗളിങ്ങിനെതിരെയും സ്പിന്നിനെതിരെയും അവന്‍ മികച്ച പ്രകടനം നടത്തുന്നു. വേഗതയില്ലാത്ത ഒരു ഫാസ്റ്റ് ബൗളര്‍ പന്തെറിയുമ്പോള്‍ അവരെ നേരിടുന്നതിനായി അവന്‍ ആത്മവിശ്വാസത്തോടെ ട്രാക്കിലൂടെ നീങ്ങുന്നു. ഇത് അദ്ദേഹത്തിന്റെ ഗെയിംപ്ലേയില്‍ ഉയര്‍ന്ന തലത്തിലുള്ള പക്വതയെയാണ് സൂചിപ്പിക്കുന്നത്,’ ഇര്‍ഫാന്‍ കൂട്ടിചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 43 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടികൊണ്ടായിരുന്നു സുദര്‍ശന്റെ അരങ്ങേറ്റ ഇന്നിങ്‌സ്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം ആളുകളും ആരാധകരും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങില്‍ വന്‍ പ്രതീക്ഷകളാണ് ഈ യുവതാരം നല്‍കുന്നത്.

അതേസമയം ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഡിസംബര്‍ 19നാണ് ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ഏകദിനം നടക്കുക.

content highlights: Irfan Pathan on Sai Sudarshan

We use cookies to give you the best possible experience. Learn more