ബറോഡ: കായിക മേഖലയിലെ ഉയര്‍ന്ന പുരസ്‌കാരമായ ഖേല്‍ രത്‌നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാന്‍ചന്ദിന്റെ പേര് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച പത്താന്‍ മൈതാനങ്ങള്‍ക്കും കായിക താരങ്ങളുടെ പേര് നല്‍കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
‘എല്ലാ അര്‍ഥത്തിലും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായിക മേഖലയില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ ഇനിയുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. കായിക സ്റ്റേഡിയങ്ങള്‍ക്കും കായിക താരങ്ങളുടെ പേര് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,’ പത്താന്‍ ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയായിരുന്നു ഖേല്‍ രത്‌നയുടെ പേര് മാറ്റുന്നതായുള്ള മോദിയുടെ പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് മോദിയുടെ നടപടിയെ വിമര്‍ശിച്ചും ട്രോളിയും മറുപടി ട്വീറ്റുകളുമായി രംഗത്തുവന്നിരിക്കുന്നത്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്നായിരിക്കും ശാസ്ത്രജ്ഞരുടെ പേര് വെക്കുക എന്നായിരുന്നു ഒരാളുടെ ചോദ്യം. നിലവില്‍ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്സിനേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റിലുള്ളത്.
നിലവിലുള്ള ആ ചിത്രത്തിലെ ശാസ്ത്രജ്ഞന്‍ അത്ര പോരെന്നും അയാള്‍ക്ക് എന്റയര്‍ പൊളിറ്റിക്സിലാണ് ഡിഗ്രിയെന്നും ഈ കമന്റില്‍ പറയുന്നു.
Absolutely welcome this move. Sportsman getting recognition and award being named after him or her. Hopefully start of many such things in sports #DhyanChandAward#dhyanchand ji
Absolutely welcome this move. Sportsman getting recognition and award being named after him or her. Hopefully start of many such things in sports #DhyanChandAward#dhyanchand ji
കായികതാരങ്ങളുടെ പേരായിരുന്നു ഈ രംഗത്തെ ബഹുമതികള്‍ക്ക് നല്‍കേണ്ടതെങ്കില്‍ പിന്നെ എന്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കിയിരിക്കുന്നതെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.
ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്നാക്കിയിരുന്നു. അന്ന് വലിയ വിമര്‍ശനമായിരുന്നു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്.
ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്ന വിവരം ട്വിറ്ററിലൂടെയായിരുന്നു മോദി അറിയിച്ചത്. ‘ഖേല്‍ രത്‌ന അവാര്‍ഡിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നാക്കണമെന്ന് കുറെ നാളുകളായി ഒരുപാട് പേര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.
അവരുടെ ആ വികാരം മാനിച്ചുകൊണ്ട് ഖേല്‍ രത്‌ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നായിരിക്കുമെന്ന് അറിയിക്കുകയാണ്, ജയ് ഹിന്ദ്,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.
ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ ആദ്യ കായികതാരമാണ് മേജര്‍ ധ്യാന്‍ ചന്ദെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിലായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഈ നടപടി കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് തുടച്ചുനീക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.