| Friday, 19th January 2024, 1:51 pm

യൂസഫ് പത്താനെ സിക്‌സറിന് പറത്തി ഇര്‍ഫാന്‍ പത്താന്റെ മാസ്, സച്ചിന്റെ ടീമിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പ് 2024ല്‍ യുവരാജ് സിങ്ങിന്റെ വണ്‍ ഫാമിലിയെ പരാജയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വണ്‍ വേള്‍ഡ്. മുദ്ദേനഹള്ളിയിലെ സത്യ സായി ഗ്രാമയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് വണ്‍ വേള്‍ഡ് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വണ്‍ ഫാമിലി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ ഡാരന്‍ മാഡിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് വണ്‍ ഫാമിലി മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

41 പന്തില്‍ എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 51 റണ്‍സാണ് മാഡി സ്വന്തമാക്കിയത്. മാഡിക്ക് പുറമെ യുസുഫ് പത്താന്‍ (24 പന്തില്‍ 38), ക്യാപ്റ്റന്‍ യുവരാജ് സിങ് (10 പന്തില്‍ 23), റോമേഷ് കലുവിതരാണ (15 പന്തില്‍ 22) എന്നിവരാണ് വണ്‍ ഫാമിലിക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

വണ്‍ വേള്‍ഡിനായി ഹര്‍ഭജന്‍ സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മോണ്ടി പനേസര്‍, അശോക് ഡിന്‍ഡ, ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആര്‍.പി സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വണ്‍ വേള്‍ഡ് ആല്‍വിരോ പീറ്റേഴ്‌സണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അതിവേഗം കുതിച്ചു. 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും അടക്കം 74 റണ്‍സാണ് താരം നേടിയത്.

ഉപുല്‍ തരംഗ (20 പന്തില്‍ 29), ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (16 പന്തില്‍ 27), വിക്കറ്റ് കീപ്പര്‍ നമന്‍ ഓജ (28 പന്തില്‍ 25) എന്നിവരും വണ്‍ വേള്‍ഡ് ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവന നല്‍കി.

യൂസുഫ് പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വണ്‍ വേള്‍ഡിന് ജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്.

ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ഇര്‍ഫാന്‍ പത്താന്‍ ഉപുല്‍ തരംഗക്ക് സ്‌ട്രൈക്ക് കൈമാറി. രണ്ടാം പന്ത് ഡോട്ട് ആയി. മൂന്നാം പന്തില്‍ ലെഗ് ബൈയിലൂടെ ഒരു റണ്‍സ് പിറന്നപ്പോള്‍ നാലാം പന്തില്‍ ഡബിളോടി ഇര്‍ഫാന്‍ പത്താന്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി.

വിജയിക്കാന്‍ രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ യൂസുഫിനെ മിഡ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തി ഇര്‍ഫാന്‍ പത്താന്‍ വണ്‍ വേള്‍ഡിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

വണ്‍ ഫാമിലിക്കായി ചാമിന്ദ വാസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ക്രേസ രണ്ടും മഖായ എന്റിനി ഒരു വിക്കറ്റും നേടി.

Content highlight: Irfan Pathan hits Yusuf Pathan for a six in One Family One World Cup

We use cookies to give you the best possible experience. Learn more