ഐ.പി.എല്‍ 2022ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്.
ഐ.പി.എല്ലിലെ മാസ്മരിക പ്രകടനം ഒരിക്കല്‍ക്കൂടി താരത്തെ ഇന്ത്യന്‍ ജേഴ്‌സിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം ടി-20യില്‍ തന്റെ ക്ലാസ് വ്യക്തമാക്കിയാണ് ക്രിക്കറ്റില്‍ തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് കാര്‍ത്തിക് ലോകത്തിന് കാണിച്ചുകൊടുത്തത്.
തന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു താരം പ്രോട്ടീസീനെതിരെ നേടിയത്.
ഇപ്പോഴിതാ, ദിനേഷ് കാര്‍ത്തിക്കിനെ കുറിച്ചും ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡറി ബാറ്റര്‍ എ. ബി. ഡില്ലിയേഴ്‌സുമായി താരത്തിനുള്ള സാമ്യതയെ കുറിച്ചും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ഡിവില്ലിയേഴ്‌സിനെ പോലെ ഇത്രയും ഷോട്ടുകളുള്ള ഒരു താരത്തെ കണ്ടെത്താന്‍ സാധിക്കില്ലെന്നും എ.ബി.ഡിയെ പോലെ പലതരം ഷോട്ടുകള്‍ കളിക്കാന്‍ കാര്‍ത്തിക്കിന് അനായാസം സാധിക്കുന്നുണ്ടെന്നുമായിരുന്നു പത്താന്‍ പറഞ്ഞത്.
‘ഇത്രയും ഷോട്ടുകളുള്ള ഒരു താരത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. കഴിവിന്റെ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ കാര്‍ത്തിക്കിന്റെ റേഞ്ച് ഡിവില്ലിയേഴ്‌സിന്റേതു പോലെ തന്നെയാണ്.
അവന്റെ ആവനാഴിയില്‍ എല്ലാ തരം ഷോട്ടുകളും സുലഭമാണ്. ആവശ്യമുള്ളപ്പോള്‍ അവന്‍ ലെഗ് സൈഡ് തെരഞ്ഞെടുക്കുകയും ചെയ്യുന്നു,’ പത്താന്‍ പറഞ്ഞു.
പേസര്‍മാര്‍ക്കെതിരെയും സ്പിന്‍ ബൗളര്‍മാക്കെതിരെയും വളരെ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ കാര്‍ത്തിക്കിന് കഴിയുമെന്നും പത്താന്‍ പറയുന്നു.
‘അവന്‍ സ്പിന്നേഴ്‌സിനെതിരെയും ഫാസ്റ്റ് ബൗളേഴ്‌സിനെതിരെയും അനായാസം ഷോട്ടുകള്‍ കളിക്കുന്നു. ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കാന്‍ നിങ്ങള്‍ അവനോട് ആവശ്യപ്പെടുകയാണെങ്കില്‍ അവന്‍ അതും ചെയ്യും. ദിനേഷ് ഒരു ഫിനിഷറാണ്,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
ടി-20യില്‍ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് താരമിപ്പോള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലും ടീമിലെ സാന്നിധ്യമായി മാറിയ ദിനേഷ് കാര്‍ത്തിക്കിന് ഇനിയും ഒരുപാട് നേടാനുണ്ടെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ വര്‍ഷം അവസാനം നടക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുകയാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. എം.എസ്. ധോണിയുടെ അഭാവത്തില്‍ ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.
അതിനാല്‍ തന്നെ കാര്‍ത്തിക്കിന് ഇനിയും ഇന്ത്യക്കായി പലതും ചെയ്യാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
Content Highlight: Irfan Pathan highlights the similarity between Dinesh Karthik and AB de Villiers