| Sunday, 5th February 2023, 2:05 pm

സ്മിത്തിനെയല്ല, ഇന്ത്യ കരുതിയിരിക്കേണ്ടത് അവനെയാണ്; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കിവീസിനെതിരായ പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ.
ഫെബ്രുവരി നാലിനാണ്ഓസിസിനെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

പരമ്പര വിജയിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തവണ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍ക്കൊള്ളിച്ച് ഇന്ത്യന്‍ പിച്ചില്‍ അത്ഭുതം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് കംഗാരുക്കള്‍. ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തുള്ള ഓസീസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി താരങ്ങള്‍ ഓസീസ് ടീമിലുണ്ട്. ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന രണ്ട് പ്രധാന താരങ്ങള്‍. സ്മിത്തിനെക്കാളും ഇന്ത്യ കരുതിയിരിക്കേണ്ടത് ലബ്യൂഷെയ്‌നെയാണെന്ന്് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘സ്റ്റീവ് സ്മിത്തിനെതിരേ ഇന്ത്യക്ക് നിലവിലെ പദ്ധതികളില്‍ത്തന്നെ വിശ്വസിച്ച് മുന്നോട്ട് പോകാം. എന്നാല്‍ ലബ്യുഷെയ്നെതിരേ അങ്ങനെയല്ല. വൈഡ് റേഞ്ച് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്. ആര്‍.അശ്വിനെ അവന്‍ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ചോദ്യം.

ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതിലാണ് അവന്‍ കൂടുതല്‍ പ്രയാസപ്പെടുക. രവീന്ദ്ര ജഡേജ-അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കാവും അവനെ കുടുക്കാനാവുക. സ്വീപ്പിലൂടെ സ്പിന്നിനെ പ്രതിരോധിക്കാനാകും പദ്ധതി. എന്നാല്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ലബ്യുഷെയ്ന്റെ കണക്കുകള്‍ അത്ര മികച്ചതല്ല,’ ഇര്‍ഫാന്‍ പറഞ്ഞു.

സ്പിന്നിനെ ഫലപ്രദമായി നേരിടാന്‍ ലബ്യുഷെയ്ന് അല്‍പ്പം പ്രയാസമാണെന്നും എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ എഴുതിത്തള്ളാന്‍ സാധിക്കുന്ന താരമല്ല അദ്ദേഹമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒമ്പതിനാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ മത്സരത്തിന് തുടക്കമാവുന്നത്. നാഗ്പൂര്‍, ധരംശാല, ദല്‍ഹി, അഹമ്മദാബാദ് എന്നീ വേദികളില്‍ വെച്ചാണ് മത്സരം നടക്കുക.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടന്‍ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights: Irfan Pathan gives advices to Indian Cricket team

We use cookies to give you the best possible experience. Learn more