ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 25 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഈ സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്ന് ആറ് മത്സരവും ബെംഗളൂരു തോല്‍വി വഴങ്ങിയിരിക്കുകയാണ്.
നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് ആണ് ഹൈദരാബാദ് നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ടോട്ടല്‍ ആണ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് മുമ്പില്‍ കെട്ടിപ്പടുത്തത്. ഇതോടെ അവരുടെ തന്നെ റെക്കോഡായ 277 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ആണ് വീണ്ടും തിരുത്തിക്കുറിച്ചത്. ആവേശകരമായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് ആണ് നേടിയത്.
നാണംകെട്ട തോല്‍വിക്ക് പുറകെ താരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിരക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തുടര്‍ച്ചയായ മൂന്നാം സീസണിലും ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിട്ടും ടീമിനെ കന്നിക്കിരീടത്തില്‍ എത്തിക്കാന്‍ ഡുപ്ലെസിസിന് കഴിഞ്ഞില്ല. ഫ്രാഞ്ചൈസിയില്‍ മികച്ചതാരങ്ങളില്ലാത്തതും ക്യാപ്റ്റന്‍സി പിഴവും പത്താന്‍ എടുത്തുപറഞ്ഞു.
‘ഫാഫ് വളരെക്കാലമായി ഫ്രാഞ്ചൈസിക്കൊപ്പമാണ്, ഒരു ക്യാപ്റ്റനെന്ന നിലയില്‍ താരലേലത്തില്‍ കളിക്കാരെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. കളിയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റിലും ബാലന്‍സ് ഇല്ലാത്തതിനാല്‍ എല്ലാ കുറ്റങ്ങളും അവന്‍ അര്‍ഹിക്കുന്നു,
അവര്‍ ലേലത്തില്‍ നല്ല കളിക്കാരെ വാങ്ങിയില്ല. നിങ്ങള്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോള്‍, നല്ല പ്രകടനം കാഴ്ചവെക്കുന്നവരെ ടീമിലേക്ക് എത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Content Highlight: Irfan Pathan criticize Faf Du Plesis