ഐ.പി.എല്‍ 2022ല്‍ പ്ലേ ഓഫ് സ്വപ്‌നങ്ങളുമായാണ് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും ബുധനാഴ്ചത്തെ മത്സരത്തിനിറങ്ങുന്നത്. തന്റെ പഴയ ടീമിനോട് സഞ്ജു ഏറ്റുമുട്ടുന്നു എന്നതിന് പുറമെ ഇന്ത്യന്‍ ജേഴ്‌സി ലക്ഷ്യമിടുന്ന രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പോരാട്ടം എന്ന നിലയിലും മത്സരം നിര്‍ണായകമാണ്.
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ജയിക്കാനായാല്‍ ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫിലെത്താനും രാജസ്ഥാനാവും. അങ്ങനെയെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന ടീമാവാനും രാജസ്ഥാന് സാധിക്കും.
പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങുന്ന രാജസ്ഥാനോട് ഒന്നും അടുത്ത മത്സരത്തിലേക്ക് ബാക്കിവെക്കരുതെന്നും ഈ മത്സരത്തില്‍ തന്നെ ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനുമാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും സ്റ്റാര്‍ പേസറുമായ ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.
‘ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരം വിജയിച്ച് രാജസ്ഥാന്‍ അവരുടെ പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കണം. അവര്‍ ഒന്നും തന്നെ അടുത്ത മത്സരത്തിലേക്ക് വിടരുത്.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍ – യൂസ്വേന്ദ്ര ചഹല്‍ അവര്‍ക്കൊപ്പമാണ്. അതുപോലെ സീസണിലെ ഏറ്റവും മികച്ച ബാറ്ററായ ജോസ് ബട്‌ലറും രാജസ്ഥാനൊപ്പമുണ്ട്. ഇവര്‍ രണ്ട് പേരുമാണ് ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പിന്റെ ഉടമകള്‍. ഇത് തന്നെ അവറുടെ ഫോം എന്താണെന്ന് വ്യക്തമാക്കുന്നു.
ഇതുവരെ അവര്‍ക്ക് 14 പോയിന്റുണ്ട്. മികച്ച റണ്‍റേറ്റുമുണ്ട്.അടുത്ത രണ്ട് മത്സരം തോറ്റാലും അവര്‍ ആദ്യ നാലില്‍ ഇടം പിടിക്കും. അതുകൊണ്ടുതന്നെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ മികച്ച പ്രകടനം നടത്തി വിജയിക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കണം,’ പത്താന്‍ പറയുന്നു.
11 മത്സരത്തില്‍ നിന്നും 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് ടൈറ്റന്‍സ് പ്ലേ ഓഫിലേക്ക് കുതിച്ചത്.