2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുകയാണ്. എന്നിരുന്നാലും വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പ് ഉള്‍പ്പെടെയുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മെന്‍ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായി രോഹിത് തുടരുമോ എന്നത് അനിശ്ചിതത്വത്തിലാണ്. 2023 ഏകദിന ലോകകപ്പിനു ശേഷം താരം ഇതുവരെ ടി-ട്വന്റി ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഇര്‍ഫാന്‍ പത്താന്‍ ക്യാപ്റ്റന്‍സിലെ മാറ്റത്തിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. രോഹിത് ശര്‍മക്ക് പകരം ഒരു നായകനെ കണ്ടെത്തുക എന്നത് 2024ല്‍ ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണെന്നും മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടിരുന്നു.
‘2024 ടീമില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നായക സ്ഥാനത്തേക്ക് മികച്ച തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം മികച്ച പ്രകടനം ഇന്ത്യ കാഴ്ചവെച്ചിരുന്നു. അവര്‍ ഒന്നാമത് തന്നെ നിലനിന്നു, അവന്റെ ഫിറ്റ്‌നസ് ഗംഭീരമായിരുന്നു. ഓരോ മത്സരത്തിലും അവന്‍ മികച്ചു നിന്നു. രോഹിത് ശര്‍മയും അമ്പരപ്പിക്കാന്‍ മറന്നില്ലായിരുന്നു, അവന്റെ കാലം കഴിഞ്ഞാല്‍ ഇനി ആരാണ്?’പത്താന്‍ പറഞ്ഞു.
ടീം പുതിയ വര്‍ഷത്തില്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് യുവതാര നിരയുടെ കാര്യത്തില്‍. ടീമിന്റെ ഫാസ്റ്റ് ബൗളിങ് നിരയില്‍ ബാക്കപ്പ് ഓപ്ഷനുകള്‍ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യവും ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറയെപോലെ ഉള്ള പ്രധാന ബൗളര്‍മാരുടെ വിടവ് ഉണ്ടാകുമ്പോഴുള്ള അപകട സാധ്യത അദ്ദേഹം എടുത്തു കാണിച്ചു. രഞ്ജി ട്രോഫിയിലൂടെയും ഐ.പി.എല്ലിലൂടെയും മികച്ച ബൗളര്‍മാരെ വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിലവില്‍ ഇന്ത്യ ജനുവരി മൂന്നിന് സൗത്ത് ആഫ്രിക്കക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് കേപ് ടൗണില്‍ ഇറങ്ങുകയാണ്.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും വമ്പന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് തകര്‍ച്ച നേരിടേണ്ടി വന്നിരുന്നു. അതിനാല്‍ ടീമില്‍ വലിയ വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവസാന ടെസ്റ്റില്‍ സമനില പിടിക്കാനായി ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് വിശ്വസിക്കുന്നത്.
Content Highlight: Irfan Pathan asks who will be captain after Rohit Sharma?