| Wednesday, 24th April 2024, 5:49 pm

T20 ലോകകപ്പ്: "സഞ്ജു സാംസണോ ശുഭ്മന്‍ ഗില്ലോ, ഇതില്‍ ഒരാള്‍ മാത്രം; ഹര്‍ദിക് ടീമിലുണ്ടാകണമെങ്കില്‍ അക്കാര്യം നിര്‍ബന്ധം"

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് പിന്നാലെ നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ചൂടുപിടിച്ച് വരികയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് ബെര്‍ത്തുറപ്പിക്കണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.

ഇപ്പോള്‍ ലോകകപ്പിനുള്ള തന്റെ സ്‌ക്വാഡ് തെരഞ്ഞെടുത്തിരിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം താന്‍ തെരഞ്ഞെടുത്ത സ്‌ക്വാഡിന്റെ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയാണ് ഇര്‍ഫാന്‍ ടീം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും യുവതാരവുമായ യശസ്വി ജെയ്‌സ്വാളിനെയാണ് രണ്ടാം ഓപ്പണറുടെ റോളിലേക്ക് താരം കണ്ടിരിക്കുന്നത്.

മറ്റെല്ലാവരെയും പോലെ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരെ സ്‌ക്വാഡിന്റെ ഭാഗമാക്കിയ പത്താന്‍ മധ്യനിരയില്‍ കരുത്താകാന്‍ ശിവം ദുബെയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് താരത്തിന്റെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുള്ളത്.

ബൗളിങ്ങിനെ ആശ്രയിച്ചാകും ഹര്‍ദിക് പാണ്ഡ്യയുടെ സെലക്ഷന്‍ എന്നാണ് പത്താന്‍ പറയുന്നത്. പാണ്ഡ്യക്ക് സ്ഥിരമായി പന്തെറിയാന്‍ സാധിക്കണമെന്ന നിബന്ധനയാണ് അദ്ദേഹത്തനുള്ളത്.

റിങ്കു സിങ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരെയും പത്താന്‍ നേരിട്ട് ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്.

സ്‌ക്വാഡിലെ 14, 15 സ്ഥാനങ്ങള്‍ക്കായി നാല് താരങ്ങളെയാണ് താരം നിര്‍ദേശിക്കുന്നത്. സ്പിന്‍ ബൗളിങ് ഓപ്ഷനായി യൂസ്വേന്ദ്ര ചഹലിനെയോ രവി ബിഷ്‌ണോയിയെയോ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ പത്താന്‍ 15ാമനായി ശുഭ്മന്‍ ഗില്ലോ സഞ്ജു സാംസണോ ആകണമെന്നും പറയുന്നു.

നിലവില്‍ താരം തെരഞ്ഞെടുത്തതില്‍ റിഷബ് പന്ത് മാത്രമാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മറ്റൊരു ഓപ്ഷനായി സ്‌ക്വാഡിന്റെ ഭാഗമായുള്ളത് സഞ്ജു സാംസണാണ്. എന്നാല്‍ അവിടെ ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ ഇവരില്‍ ഒരാള്‍ എന്നും അദ്ദേഹം പറയുന്നു.

ട്രാവലിങ് റിസര്‍വായി രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍, വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

ഇര്‍ഫാന്‍ പത്താന്റെ വേള്‍ഡ് കപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്‌സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

ശിവം ദുബെ

ഹര്‍ദിക് പാണ്ഡ്യ (ബൗളിങ്ങിനെ ആശ്രയിച്ച് മാത്രം)

റിങ്കു സിങ്

രവീന്ദ്ര ജഡേജ

കുല്‍ദീപ് യാദവ്

ജസ്പ്രീത് ബുംറ

അര്‍ഷ്ദീപ് സിങ്

മുഹമ്മദ് സിറാജ്

രവി ബിഷ്‌ണോയ് / യൂസ്വേന്ദ്ര ചഹല്‍

ശുഭ്മന്‍ ഗില്‍ / സഞ്ജു സാംസണ്‍.

ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.

ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content Highlight: Irfan Pathan announces his T20 World Cup squad

We use cookies to give you the best possible experience. Learn more