പത്താൻ സഹോദരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റം; പിന്നീടുള്ള രംഗം ഹൃദയം കീഴടക്കി, വീഡിയോ
Cricket
പത്താൻ സഹോദരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റം; പിന്നീടുള്ള രംഗം ഹൃദയം കീഴടക്കി, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2024, 3:07 pm

2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സില്‍ സൗത്ത് ആഫ്രിക്ക ലെജന്റ്‌സിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ലെജന്റ്‌സിനെ 54 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്.

നോര്‍ത്താംപ്ടണില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ യുവരാജ് സിങ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്കായി ജാക് സ്‌നിമാന്‍ 43 പന്തില്‍ 73 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പത്ത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ജാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 25 പന്തില്‍ 60 റണ്‍സ് നേടിയ റിച്ചാര്‍ഡ് ലെവിയുടെ ഇന്നിങ്‌സും ഏറെ ശ്രദ്ധേയമായി. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ഭജന്‍ സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണി, പവന്‍ നെഗി, യൂസഫ് പത്താന്‍, വിനയ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ യൂസഫ് പത്താന്‍ 44 പന്തില്‍ പുറത്താവാതെ 54 റണ്‍സും ഇര്‍ഫാന്‍ പത്താന്‍ 21 പന്തില്‍ 35 റണ്‍സും നേടി മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ് ഏറെ ശ്രദ്ധ നേടിയത്. മത്സരത്തില്‍ പത്താന്‍ സഹോദരങ്ങള്‍ ഗ്രൗണ്ടില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. മത്സരത്തിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം നടന്നത്.  ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ ഇര്‍ഫാന്‍ ഉയര്‍ത്തിയടിക്കുകയായിരുന്നു. ക്രീസില്‍ നിന്നും ഡബിള്‍ ഓടുകയായിരുന്നു.

എന്നാല്‍ സ്‌ട്രൈക്കില്‍ ഉണ്ടായിരുന്ന യൂസഫ് ഓടാതിരിക്കുകയായിരുന്നു. ഇതോടെ ഇര്‍ഫാന്‍ റണ്‍ ഔട്ട് ആവുകയായിരുന്നു. ഒടുവില്‍ യൂസഫിനോട് ദേഷ്യപ്പെട്ടു കൊണ്ട് ഇര്‍ഫാന്‍ പത്താന്‍ ആ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ മത്സരശേഷം ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ചുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

അതേസമയം നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ച് വീതം മത്സരങ്ങളില്‍ രണ്ട് ജയവും മൂന്നു തോല്‍വിയുമായി നാലു പോയിന്റോടെ ഇരു ടീമുകളും നാലും അഞ്ചും സ്ഥാനങ്ങളിലാണ് ഉള്ളത്.

 

Content Highlight: Irfan Pathan and Yusaf Pathan Incident in World Legends Championship 2024