ഐ.പി.എല്‍ 2024ന്റെ ആവേശം തുടരുകയാണ്. ടൂര്‍ണമെന്റ് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടീമിന് പോലും ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒറ്റ വിജയം കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് തോല്‍വിയുമായി 14 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കുള്ളത്.
മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 12 പോയിന്റ് വീതമാണുള്ളത്.
എല്ലാ ടീമുകളും പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുത്തിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഇരുവരും മികച്ച ടീമായി വിലയിരുത്തുന്നത്.
‘അവരെയാണ് എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ടി വരിക. മികച്ച സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനേക്കാളും മികച്ച ടീം ആണെന്നാണ് എന്റെ അഭിപ്രായം.
പ്ലേ ഓഫ് മത്സരങ്ങള്‍ ചെന്നൈയിലാണ് കളിക്കുക. കൊല്‍ക്കത്തക്ക് ചെപ്പോക്കില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധിക്കും. മിച്ചല്‍ സ്റ്റാര്‍ക് അടക്കമുള്ള അവരുടെ എല്ലാ താരങ്ങളും മികച്ച ഫോമിലുമാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെ ഹര്‍ഭജന്‍ പറഞ്ഞു.
‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് എല്ലാവര്‍ക്കും തോല്‍പിക്കേണ്ടി വരിക. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും അവര്‍ കൂടുതല്‍ കരുത്തരായി മാറുകയാണ്. മുംബൈക്കെതിരായ വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ്. അവരുടെ സ്പിന്നര്‍മാര്‍ വിക്കറ്റ് വേട്ടക്കാരാണ്,’ പത്താന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു. 24 റണ്‍സിനാണ് കൊല്‍ക്കത്ത ഹോം ടീമിനെ തകര്‍ത്തുവിട്ടത്. 2012ന് ശേഷം ഇതാദ്യമായാണ് കൊല്‍ക്കത്ത വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുന്നത്.
വെങ്കിടേഷ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുടെയും മനീഷ് പാണ്ഡേയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 145ന് ഓള്‍ ഔട്ടാവുകയായിരുന്നു.
മുംബൈക്കായി മിച്ചല്‍ സ്റ്റാര്‍ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതവും നേടി.