ഐ.സി.സി ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 242 റണ്‍ഡസിന്റെ വിജയലക്ഷ്യം അഫ്ഗാന്‍ അനായാസം മറികടക്കുകയായിരുന്നു.
അഫ്ഗാന്റെ വിജയം ആഘോഷിക്കുന്ന ഇര്‍ഫാന്‍ പത്താന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാഹിദിയുടെയും സംഘത്തിന്റെയും മൂന്നാം വിജയം ഡാന്‍സ് കളിച്ചുകൊണ്ടാണ് പത്താനും ഹര്‍ഭജനും ആഘോഷിച്ചത്. ഇതിന്റെ വീഡിയോ പത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
‘എന്തൊരു മികച്ച വിജയമാണ് അഫ്ഗാന്റേത്. മൂന്നാം വിജയത്തിന് എന്റെ ആശംസകള്‍. മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാരെയാണ് അവര്‍ തോല്‍പിച്ചിരിക്കുന്നത്,’ എന്നായിരുന്നു പത്താന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്.
View this post on Instagram
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു. ഈ ചരിത്ര വിജയത്തിന് പിന്നാലെ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്യുന്ന ഇര്‍ഫാന്‍ പത്താനായിരുന്നു ക്രിക്കറ്റ് ലോകം കീഴടക്കിയത്.
എന്നാല്‍ ഇതിന് പിന്നാലെ പത്താനെ വിമര്‍ശിച്ചുകൊണ്ട് മുന്‍ പാക് താരം ഡാനിഷ് കനേരിയ അടക്കം രംഗത്ത് വന്നിരുന്നു. കമന്റേറ്റര്‍മാര്‍ പക്ഷം ചേരുകയാണെന്നും മുമ്പ് ഇന്ത്യ ജയിച്ചപ്പോള്‍ പോലും ഇത്തരം സന്തോഷപ്രകടനങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്നുമാണ് കനേരിയ പറഞ്ഞത്.
എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ പത്താന്‍ മികച്ച ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീലങ്കക്കെതിരായ വിജയത്തിലെ സന്തോഷവും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.
അതേസമയം, മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പാതും നിസംഗ (60 പന്തില്‍ 46), കുശാല്‍ മെന്‍ഡിസ് (50 പന്തില്‍ 39), സധീര സമരവിക്രമ (40 പന്തില്‍ 36) എന്നിവരുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
അഫ്ഗാനിസ്ഥാനായി ഫസലാഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ട് ലങ്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ റാഷിദ് ഖാനും അസ്മത്തുള്ള ഒമറാസിയും ഓരോ വിക്കറ്റ് വീഴ്ത്തി ലങ്കന്‍ പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ അസ്മത്തുള്ള ഒമറാസി (36 പന്തില്‍ 73*), റഹ്‌മത് ഷാ (74 പന്തില്‍ 62), ഹഷ്മത്തുള്ള ഷാഹിദി (74 പന്തില്‍ 58*) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും അഫ്ഗാനിസ്ഥാനായി.
നവംബര്‍ മൂന്നിനാണ് അഫ്ഗാന്റെ അടുത്ത മത്സരം. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
Content Highlight: Irfan Pathan and Harbhajan Singh dances after Afghanistan’s victory