അയാളെ എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കണം, സ്പിൻ ബൗളിങ്ങിൽ പാകിസ്ഥാൻ അത്ര പോര; ഇന്ത്യൻ ബൗളർമാർക്ക് നിർദേശവുമായി ഇർഫാൻ പത്താൻ
Cricket
അയാളെ എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കണം, സ്പിൻ ബൗളിങ്ങിൽ പാകിസ്ഥാൻ അത്ര പോര; ഇന്ത്യൻ ബൗളർമാർക്ക് നിർദേശവുമായി ഇർഫാൻ പത്താൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 11:09 pm

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർമാരെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന രണ്ടുപേരാണ് പാകിസ്ഥാന്റെ ബാബർ അസമും മുഹമ്മദ് റിസ്‌വാനും. 2022ലെ ഏഷ്യാ കപ്പിൽ അസം മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ലെങ്കിലും തുടർന്നുണ്ടായ മത്സരങ്ങളിൽ താരം മികച്ച ഫോമിലായിരുന്നു. അതേസമയം ഈ വർഷത്തെ ടി-20 മത്സരങ്ങളിൽ മികച്ച റൺസെടുത്ത റിസ്‌വാനും ശ്രദ്ധേയനാണ്.

ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് നൽകുന്ന തുടക്കം പാകിസ്ഥാന്റെ ടി-20 ലോകകപ്പ് സാധ്യതകളിൽ നിർണായകമാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക് ടീം ഇന്ത്യക്കെതിരെയിറങ്ങുമ്പോൾ ഇരുവരും ശ്രദ്ധാകേന്ദമാവുമെന്ന കാര്യത്തിൽ തർക്കമില്ല.

ക്രിക്കറ്റ് ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ ബാബറിനെയും റിസ്വാനെയും എങ്ങനെ നേരിടണമെന്ന് ഇന്ത്യൻ ബൗളർമാർക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

റിസ്‌വാന് തുടക്കം തന്നെ കൈ ഫ്രീയാക്കി കളിക്കാൻ അവസരം നൽകരുതെന്നാണ് ഇർഫാൻ പറയുന്നത്. പവർപ്ലേയിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന താരമാണ് റിസ്‌വാനെന്നും കൈ ഫ്രീയാക്കി കളിക്കാൻ അവർക്ക് അവസരം നൽകരുതെന്നം അദ്ദേഹം പറഞ്ഞു.

റിസ്‌വാനെതിരെ കഴിയുന്നത്ര പേസ് കണ്ടെത്താൻ ശ്രമം നടത്തണമെന്നും ബാബർ അസം താളം കണ്ടെത്താൻ സമയമെടുക്കുമെന്നും ഇർഫാൻ പത്താൻ വ്യക്തമാക്കി. അതിനാൽ സാഹചര്യങ്ങളെയും ബാറ്റർമാരെയും കുറിച്ച് ബോധവാന്മാരായിരിക്കണം സ്റ്റംപ് ലൈനിലാണ് എപ്പോഴും ബോളെറിയേണ്ടതെന്നും താരം വ്യക്തമാക്കി.

‘ബാറ്റർമാർക്കനുസരിച്ച് ലെങ്തിൽ മാറ്റങ്ങളുണ്ടാക്കാം. റിസ്‌വാന് നേരെ ഫുള്ളർ ബോളുകൾ എറിയാനാണ് ശ്രമിക്കേണ്ടത്. അയാളെ എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കണം. കാൽമുട്ടിന് താഴെയാണ് നിങ്ങളുടെ ലൈനും ലെങ്തുമുണ്ടാവേണ്ടത്. ബാബറിനെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ ശ്രമിക്കണം. ഇതിനായി ബാക് ലെഗാണ് ലക്ഷ്യം വെക്കേണ്ടത്. സ്പിൻ ബൗളിങ്ങിൽ പാകിസ്ഥാൻ അത്ര മികച്ചതല്ല,’ അദ്ദേഹം പറഞ്ഞു.

എം.സി.ജിയിലെ ഷോർട്ട് സ്ട്രെയ്റ്റ് ബൗണ്ടറികൾ പൂർണമായി ഉപയോഗിക്കണമെന്നും വിക്കറ്റുകൾക്കിടയിൽ ഓട്ടത്തിന് ഊന്നൽ നൽകണമെന്നും ഇർഫാൻ പത്താൻ ഓർമപ്പെടുത്തി.

Content Highlights: Irfan Pathan advices Indian cricket team before T20 world cup