കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന – ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെയും സെലക്ടര്‍മാര്‍ പര്യടനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു പരമ്പര കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരധകര്‍.
മൂന്ന് മത്സരങ്ങളാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലുള്ളത്. എന്നാല്‍ ഈ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇഷാന്‍ കിഷനാണ് സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ദ്രാവിഡ് സഞ്ജുവിന് പകരം ഇഷാനെ കളത്തിലിറക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
എന്നാല്‍ സഞ്ജുവിന് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ ഇര്‍ഫാന്‍ പത്താന്‍. ഏകദിനത്തില്‍ സഞ്ജുവിന് ലോങ് റണ്‍ നല്‍കണമെന്നും മിഡില്‍ ഓര്‍ഡറില്‍ സഞ്ജുവുള്ളത് ടീമിന് ഏറെ ഗുണകരമാകുമെന്നും പത്താന്‍ കുറിച്ചു.
‘റിഷബ് പന്ത് സുഖം പ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ സഞ്ജു സാംസണ് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ട സമയമാണ്. മിഡില്‍ ഓര്‍ഡറിലെ പ്രഗത്ഭനമായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലും സ്പിന്നര്‍മാര്‍ക്കെതിരെ വളരെ മികച്ച രീതിയില്‍ കളിക്കുന്ന താരമായതിനാലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകും,’ പത്താന്‍ പറഞ്ഞു.
മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ജൂലൈ 27നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. ഇതേ ഗ്രൗണ്ടില്‍ വെച്ച് ജൂലൈ 29ന് പരമ്പരയിലെ രണ്ടാം മത്സരവും ആഗസ്റ്റ് ഒന്നിന് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ പരമ്പരയിലെ മൂന്നാം മത്സരവും നടക്കും.
മൂന്ന് ഏകദിനള്‍ക്ക് പുറമെ രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി-20യും ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
Content Highlight: Irfan Pathan about Sanju Samson