ഈ ഐ.പി.എല്‍ ഫൈനലിലെ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കൊന്നാകെ ഒറ്റ പേരേ പറയാന്‍ കാണുകയുള്ളൂ, രവീന്ദ്ര ജഡീജ. കപ്പിനും ചുണ്ടിനുമിടയില്‍ നിന്നും അഞ്ചാം കിരീടം നഷ്ടമാകും എന്ന് തോന്നിച്ചിടത്ത് നിന്നും സെക്കന്റ് ലാസ്റ്റ് ബോളില്‍ സിക്‌സടിച്ച് പ്രതീക്ഷയേറ്റി, ലാസ്റ്റ് പന്ത് ബൗണ്ടറി ലൈനിലേക്ക് അടിച്ച് വിട്ട് ജഡേജ ചെന്നൈയുടെ ഹീറോ ആവുകയായിരുന്നു.
എന്നാല്‍ ഐ.പി.എല്ലിലെ അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത്ര നല്ല ഓര്‍മകളായിരുന്നില്ല ജഡേജക്ക്. സ്വന്തം ടീമിന്റെ തന്നെ ഫാന്‍സിന്റെ ആക്ഷേപങ്ങള്‍ക്ക് അദ്ദേഹം ഇരയായിട്ടുണ്ട്.
ധോണിക്ക് മുന്നേയാണ് ജഡേജ ബാറ്റിങ് ഓര്‍ഡറില്‍ ഇറങ്ങുന്നത്. ധോണി ഇറങ്ങാനായി ജഡേജ ഔട്ടാകാനായി പ്രാര്‍ത്ഥിക്കുന്ന ഫാന്‍സിന്റെ മുമ്പില്‍ അദ്ദേഹം എങ്ങനെ തളരാതിരിക്കാനാണ്. ആ ആരാധകര്‍ക്ക് മുമ്പില്‍, ധോണി ഡക്കായ മത്സരത്തില്‍, ചെന്നൈയുടെ രക്ഷനായി ജഡേജ എത്തിയതിനെ ഒരു വിധത്തില്‍ കാവ്യനീതി എന്ന് വിളിക്കാം.
ജഡേജയുടെ കഷ്ടപ്പാടുകളെ പറ്റിയും അതിനിടയില്‍ അദ്ദേഹം നേടിയെടുത്ത നേട്ടങ്ങളെ പറ്റിയും വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. ജഡേജ ഒരുപാട് അനുഭവിച്ചെന്നും എന്നാല്‍ ആ നിരാശകള്‍ മാറ്റിവെച്ച് ഗുജറാത്തിന്റെ പുത്രന്‍ ചെന്നൈയിലെ ടീമിനായി അദ്ദേഹം നേടിയ വിജയത്തെക്കാള്‍ മികച്ചതായി മറ്റൊന്നും ഇല്ലെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഫൈനലിന് ശേഷം സ്റ്റാര്‍ സ്‌പോര്ട്‌സിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘ജഡേജ സാറിന് ആശംസകള്‍. പ്രതിസന്ധി ഘട്ടത്തില്‍ സി.എസ്.കെയ്ക്കായി അദ്ദേഹം എത്തി, തന്റെ ടീമിനെ റെക്കോഡിന് തുല്യമായ അഞ്ചാം ഐ.പി.എല്‍ കിരീടത്തിലേക്ക് എത്തിച്ചു. കളി സി.എസ്.കെയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയ ഘട്ടത്തിലും ജഡേജ പിടിച്ചുനിന്നു.
വ്യക്തിപരമായി, അദ്ദേഹം കഴിഞ്ഞ സീസണില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, പക്ഷേ ഇന്ത്യയുടെ ഈ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആ നിരാശപ്പെടുത്തുന്ന അനുഭവങ്ങളെല്ലാം മാറ്റിവെച്ചു. അഹമ്മദാബാദിലെ ഗ്രൗണ്ടില്‍ വെച്ച് ചെന്നൈയില്‍ നിന്നുള്ള ഒരു ടീമിന് വേണ്ടി ഗുജറാത്തിന്റെ പുത്രന്‍ വിജയിച്ചു. ഇതിലും മികച്ചതായി മറ്റൊന്നുമില്ല,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Content Highlight: irfan pathan about raveendra jadeja and csk’s victory