| Saturday, 3rd September 2022, 9:04 pm

അക്‌സര്‍ ഓക്കെയാണ്, പക്ഷേ... ആശങ്ക വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെയും ഹോങ്കോങിനെയും പരാജയപ്പെടുത്തിയാണ് രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സൂപ്പര്‍ ഫോറില്‍ സ്ഥാനം പിടിച്ചത്. മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇരു മത്സരങ്ങളിലും കാഴ്ചവെച്ചത്.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി പാകിസ്ഥാനാണ്. ഗ്രൂപ്പ് മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ ജഡേജയുടെ അഭാവത്തിലാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നത് .

ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തില്‍ ജഡേജ 29 പന്തില്‍ നിന്നും 35 റണ്‍സ് നേടിയിരുന്നു. കൂടാതെ ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ നിലവാരമുള്ള പ്രകടനം തന്നെയായിരുന്നു താരം പുറത്തെടുത്തത്. കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ജഡേജക്ക് കളിക്കാന്‍ സാധിക്കാത്തതായത്.

ഈ ഓള്‍ റൗണ്ടര്‍ക്ക് പകരം ആര് എന്ന ചോദ്യം ഉയര്‍ന്നു വന്നപ്പോഴാണ് 28കാരനായ അക്സര്‍ പട്ടേലിനെ ജഡേജക്ക് പകരക്കാരനായി ടീമിലേക്ക് തെരഞ്ഞെടുത്തത്.

എന്നാല്‍ അക്സര്‍ പട്ടേലിന് ജഡേജയുടെ കുറവ് നികത്താനാവുമോ എന്ന സംശയമാണ് ആരാധകരിലും ക്രിക്കറ്റ് നിരീക്ഷകരിലും നിലനില്‍ക്കുന്നത്. ജഡേജക്ക് പകരക്കാരനാകാന്‍ അക്സര്‍ പട്ടേലിന് സാധിക്കില്ല എന്ന അഭിപ്രായങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ജഡേജയ്ക്ക് പകരം ദീപക് ഹൂഡ കളിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍
അക്സറിനെയാണ് പിന്തുണക്കുന്നത്.

ജഡേജക്ക് പകരക്കാരനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ അക്സറാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ ആഘാതമാകില്ലെന്നും ഈ പ്രതിസന്ധി ടീമിന് നേരിടാന്‍ കഴിയുമെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം അക്സര്‍ പട്ടേലിനെ കുറിച്ചുള്ള മറ്റൊരു ആശങ്കയാണ് ഇര്‍ഫാന്‍ പത്താന്‍ പങ്കുവെക്കുന്നത്. ‘അക്സറില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച ബൗളിങും ഫീല്‍ഡിങും ലഭിക്കും. കൂടാതെ അവന്‍ നല്ലൊരു ബാറ്ററാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്, ജഡേജയെപ്പോലെ ബാറ്റിങ്ങ് ഓര്‍ഡറിലെ ഏത് സ്ഥാനത്തും ഇറക്കാന്‍ കഴിയുന്ന ഒരു ബാറ്ററല്ല അക്സര്‍. അത് ജഡേജ മനോഹരമായി ചെയ്തിരുന്നു,’ ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാണിക്കുന്നു.

നാളെ ഇന്ത്യന്‍ സമയം 7:30ക്കാണ് ഇന്ത്യ-പാക് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ കോണ്‍ഫിഡന്‍സിലാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുക. ഹോങ്കോങ്ങിന്റെ ബാറ്റര്‍മാരെ വെറും 38 റണ്‍സിന് പിടിച്ചുകെട്ടിയ ബൗളിങ് നിരയെ തന്നെ ഉള്‍പ്പെടുത്തിയാവും ബാബര്‍ അസം ഇന്ത്യയെ പ്രതിരോധിക്കുക.

Content Highlight: Irfan Pathan about Axar Patel

We use cookies to give you the best possible experience. Learn more