| Wednesday, 26th April 2023, 7:37 pm

അവന്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് രഹാനെ ടീമിലെത്തിയത്, അല്ലാതെ സെലക്ടര്‍മാര്‍ അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ വെച്ച് ഓസീസിനെതിരെ നടക്കുന്ന ഫൈനല്‍ മത്സരത്തിനുള്ള സ്‌ക്വാഡാണ് കഴിഞ്ഞ ദിവസം അപെക്‌സ് ബോര്‍ഡ് പുറത്തുവിട്ടത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്‌ക്വാഡിലെ പല പ്രമുഖര്‍ക്കും നിരാശപ്പെടേണ്ടി വന്നപ്പോള്‍ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയുടെ തിരിച്ചുവരവാണ് ആരാധകര്‍ ആഘോഷമാക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രഹാനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.

സൂപ്പര്‍ താരം ശ്രേയസ് അയ്യരിന്റെ അഭാവമാണ് രഹാനെക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം ഇര്‍ഫാന്‍ പത്താന്‍. പരിക്കിന് പിന്നാലെയാണ് ശ്രേയസ് അയ്യരിന് ഐ.പി.എല്‍ അടക്കം നഷ്ടമായത്.

കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയാണ് പത്താന്‍ അജിന്‍ക്യ രഹാനെയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത്.

‘ശ്രേയസ് അയ്യര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെങ്കില്‍ സെലക്ടര്‍മാര്‍ അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. എന്നാല്‍ രഹാനെയുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ അവന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ അവന്‍ കളിക്കുന്ന ഫോര്‍മാറ്റ് പൂര്‍ണമായും വ്യത്യസ്തമാണ്. എന്നാല്‍ വിദേശ പിച്ചുകളില്‍ രഹാനെയുടെ പ്രകടനം വളരെയധികം മികച്ചതാണ്. ഇത് അദ്ദേഹത്തിന് അനുകൂലമായി,’ പത്താന്‍ പറഞ്ഞു.

കുറേ നാളായി ഫോമിലല്ലാതിരുന്ന രഹാനെ നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യക്കായി രഹാനെ അവസാനമായി കളിച്ചത്. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ തവണയും ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെടാനായിരുന്നു ടീം ഇന്ത്യയുടെ വിധി.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്.

Content Highlight: Irfan Pathan about Ajinkya Rahane’s inclusion in WTC final’s squad

We use cookies to give you the best possible experience. Learn more