| Saturday, 27th July 2024, 8:40 am

90 വർഷങ്ങളുടെ റെക്കോഡ് തകർന്നു; ടെസ്റ്റിന്റെ ചരിത്രം തിരുത്തി അയർലാൻഡും സിംബാബ്‌വേയും

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലാന്‍ഡ്-സിംബാബ്‌വേ ഒറ്റ മത്സരത്തിന്റെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. നിലവില്‍ കളി അവസാനിച്ചപ്പോള്‍ സിംബാബ് വേ നാല് ഓവറില്‍ വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ 12 റണ്‍സ് എന്ന നിലയിലാണ്.

സ്റ്റോര്‍മോണ്ട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വേ 210 റണ്‍സിന് പുറത്താവുകയായിരുന്നു.

152 പന്തില്‍ 74 റണ്‍സ് നേടിയ പ്രിന്‍സ് മസ്വൊര്‍ ആണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 99 പന്തില്‍ 49 റണ്‍സ് നേടി ജോയ്ലാന്‍ഡ് ഗംബിയും 41 പന്തില്‍ 35 റണ്‍സ് നേടി സീന്‍ വില്യംസും നിര്‍ണായകമായി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ആന്‍ഡി മക്‌ബ്രെയിന്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ക്രയ്ഗ് യങ്, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് 250 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലാന്‍ഡിനായി പിജെ മൂര്‍ 105 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആന്‍ഡി 45 പന്തില്‍ 28 റണ്‍സും മാത്യു ഹംഫ്രിസ് 31 പന്തില്‍ 27 റണ്‍സും പോള്‍ സ്റ്റെര്‍ലിങ് 45 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി.

സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസാറബാനിയ, തനക ചിവംഗ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും തെണ്ടൈ ചതാര, സീന്‍ വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

രണ്ടാം ദിവസം പിന്നിട്ടപ്പോഴേക്കും മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടമാണ് പിറവിയെടുത്തത്. മത്സരത്തില്‍ 42 ബൈ റണ്‍സുകളാണ് ഉണ്ടായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൈ റണ്‍സ് പിറക്കുന്ന മത്സരമായി ഇത് മാറിയിരിക്കുകയാണ്.

1934ല്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ ബൈ റണ്‍സുകള്‍ പിറന്നത്. 37 ബൈ റണ്‍സാണ് ഈ മത്സരത്തില്‍ പിറന്നത്. 2007ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തില്‍ 35 ബൈ റണ്‍സുകളും പിറന്നിരുന്നു.

Content Highlight: Ireland vs Zimbabwe Test Match have a Record For Runs

We use cookies to give you the best possible experience. Learn more